മുംബൈ: പരാജയഭീതിയില്‍ എതിരാളികള്‍ തന്നെ ഇല്ലാതാക്കുവാന്‍ ശ്രമം നടത്തുന്നുണ്ടെന്ന ആരോപണവമായി മുംബൈ നോര്‍ത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നടിയുമായ ഊര്‍മ്മിള മണ്ഡോദ്കര്. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ റോഡ് ഷോയ്ക്കു നേരെ ആക്രമണം ഉണ്ടായതിനു പിന്നാലെയാണ് നടി ആരോപണം ഉന്നയിച്ചത്. സംഭവത്തില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. പോലീസ് സംരക്ഷണമാണ് നടി ആവശ്യപ്പെടുന്നത്.
നടിയുടെ ആവശ്യത്തെത്തുടര്‍ന്ന് പോലീസ് സംരക്ഷണം അനുവദിച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ബോറിവ്ലിയില് നടത്തിയ റോഡ് ഷോയ്ക്ക് ഇടയിലാണ് ഊര്‍മ്മിളയ്ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും എതിരെ ആക്രമണം ഉണ്ടായത്. ‘ഭീതി ഉളവാക്കാനായിരുന്നു ശ്രമം. ഇതൊരു തുടക്കം മാത്രമാണ്. കൂടുതല്‍ രൂക്ഷമായ ആക്രമണങ്ങള്‍ ഇനിയും ഉണ്ടായേക്കാം. എന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുമുണ്ട്. കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍വേണ്ടിയാണ് ഞാന്‍ പോലീസ് സംരക്ഷണം തേടിയത്- ഊര്‍മ്മിള പറയുന്നു.
‘ഞാനോ പ്രവര്‍ത്തകരോ ഒരുതരത്തിലുള്ള പ്രകോപനവും സൃഷ്ടിച്ചിട്ടില്ല. എവിടെനിന്നോ ഇരുപതോളം ആളുകള്‍ പ്രധാനമന്ത്രി മോഡിക്കുവേണ്ടി ജയ് വിളിച്ചുകൊണ്ട് കടന്നുവരികയായിരുന്നു’ ഊര്‍മ്മിള കൂട്ടിച്ചേര്‍ത്തു. ആദ്യം ഞാന്‍ പ്രതികരിക്കാതെ അവഗണിച്ചു. പക്ഷേ സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ട് അവര്‍ ആഭാസകരമായ നൃത്തം ചവിട്ടി. ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീകളെ ഭയപ്പെടുത്താനും ശ്രമിച്ചു. വനിതാ പ്രവര്‍ത്തകര്‍ സംരക്ഷണം തേടി എന്റെ വാഹനത്തിനടുത്തേക്ക് വന്നപ്പോള്‍ മാത്രമാണ് എന്റെ കൂടെയുള്ള പ്രവര്‍ത്തകര്‍ ഇടപെട്ടത്. നൃത്തം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഉന്തും തള്ളുമായി. ചില വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുകയുമുണ്ടായി- ഊര്‍മ്മിള വിശദീകരിച്ചു.
Discussion about this post