പൂണെ: വീണ്ടും സമനില കുരുക്കില്‍ കേരളാ ബ്ലാസ്റ്റേഴ്സ്. മികച്ച ഒട്ടേറെ അവസരങ്ങള്‍ മുതലാക്കുന്നതില്‍ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് 1-1നു പൂണെയോടു സമനില വഴങ്ങി. പൂണെയ്ക്കായി മാര്‍ക്കോ സ്റ്റാന്‍കോവിച്ചും (13), ബ്ലാസ്റ്റേഴ്സിനായി സെര്‍ബിയന്‍ താരം നിക്കോള കിര്‍ച്മാരെവിച്ചും (61) ഗോള്‍ നേടി. 5 കളികളില്‍നിന്ന് 7 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാമതെത്തി. 5 കളിയില്‍ വെറും 2 പോയിന്റുള്ള പൂണെ ഒന്പതാമതും. 5ന് കൊച്ചിയില്‍ ബംഗളൂരു എഫ്സിയുമായാണ് കേരളത്തിന്റെ അടുത്ത കളി.
കഴിഞ്ഞ കളിയിലെ ടീമില്‍ 3 മാറ്റങ്ങളുമായാണ് കേരളമിറങ്ങിയത്. മധ്യനിരതാരങ്ങളായ സഹല്‍ അബ്ദുസ്സമദും സെമിങ്ലെന് ദുംഗലും സിറില്‍ കാലിയും അന്തിമ ഇലവനില്‍ എത്തിയപ്പോള്‍, കെസിറോണ്‍ കിസിത്തോ, ഹാലിചരണ്‍ നര്‍സാരി, ലാല്‍റുവത്താര എന്നിവരെ ബെഞ്ചിലിരുത്തി. വിശാല്‍ കെയ്ത്തിനു പകരം കമല്‍ജിത്ത് സിങ് പൂണെയുടെ ഗോള്‍വല കാത്തു. ആദില്‍ ഖാന് ആദ്യ ഇലവനിലെത്തിയപ്പോള്‍ മലയാളി ആഷിഖ് കുരുണിയന് പുറത്തായി. 4-1-4-1 ശൈലിയിലാണ് ഇരു ടീമുകളുമിറങ്ങിയത്.
കളിയുടെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സ് മികച്ച മുന്നേറ്റങ്ങള്‍ നടത്തി. പലവട്ടം പുണെ പോസ്റ്റില്‍ ബ്ലാസ്റ്റേഴ്സ് അപകടം വിതച്ചു. ഗോളെന്നു തോന്നിച്ച പല പല മുന്നേറ്റങ്ങളും അവസാനിച്ചത് പൂണെ ഗോളിയുടെ കയ്യില്‍. കേരളത്തിന്റെ പോസ്റ്റിലേക്ക് പന്ത് എത്തുന്നേയുണ്ടായിരുന്നില്ല. 13- ാം മിനിറ്റില്‍ കളിയുടെ ഗതി മാറി. പൂണെ താരം മാര്‍സലോയുടെ ഷോട്ടിന് ജിങ്കാന്റെ ക്ലിയറന്‍സ് വഴി തെറ്റി. മാര്‍ക്കോ സ്റ്റാന്കോവിച്ചിനു കാല്പ്പാകം.
കരുത്തുറ്റ ഇടങ്കാലന്‍ ഷോട്ട് ഗോളായി. (1-0) പുണെ കളിയിലേക്കുണര്‍ന്നു. കാലിനു പരുക്കേറ്റ് സ്റ്റാന്‍കോവിച്ച് പുറത്തു പോയെങ്കിലും കേരളത്തിനു ഗുണമുണ്ടായില്ല. 33- ാം മിനിറ്റില്‍ പൂണെ താരം റോബിന്‍സിങ്ങിനെ പരുക്കന്‍ ടാക്ലിങ്ങിലൂടെ തടുത്ത ക്യാപ്റ്റന്‍ ജിങ്കാന് മഞ്ഞക്കാര്‍ഡും കിട്ടി. പലവട്ടം കേരളത്തിന് കോര്‍ണര്‍ കിട്ടിയെങ്കിലും ഗോളാക്കി മാറ്റാനായില്ല.
Discussion about this post