ന്യൂകാംപ്: ചാമ്പ്യന്‍സ് ലീഗില്‍ രണ്ടാം പാദ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ മൂന്ന് ഗോളിന് പരാജയപ്പെടുത്തി ബാഴ്സലോണ സെമി ഫൈനലില്‍ പ്രവേശിച്ചു. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇരട്ടഗോളിന്റെ കരുത്തിലാണ് ബാഴ്സയുടെ തകര്‍പ്പന്‍ ജയം. 2015ന് ശേഷം ആദ്യമായാണ് ബാഴ്സ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തുന്നത്. ആദ്യ പകുതിയിലായിരുന്നു മെസിയുടെ രണ്ട് ഗോളുകളും പിറന്നത്. യുണൈറ്റഡ് വലയില്‍ മൂന്നാം ഗോള്‍ സമ്മാനിച്ചത് ഫിലിപ്പെ കുട്ടീന്യോയായിരുന്നു.
ബാഴ്സയ്ക്കെതിരെ മുന്നേറ്റത്തോടെയാണ് യുണൈറ്റഡ് കളി ആരംഭിച്ചതെങ്കിലും മത്സരത്തിന്റെ 16-ാം മിനിറ്റില്‍ മെസി ബാഴ്സയെ മുന്നിലെത്തിച്ചതോടെ ഗതി മാറി. യുണൈറ്റഡ് താരം ആഷ്ലി യംഗിന്റെ കാലില്‍നിന്നു തട്ടിയെടുത്ത പന്തുമായി മെസി വലയിലേക്ക് കുതിക്കുകയായിരുന്നു. ഈ ഞെട്ടലില്‍ നിന്നും യുണൈറ്റഡ് മുക്തമാവുന്നതിനു മുമ്പെ, നാലു മിനിറ്റിനുശേഷം മെസി വീണ്ടും ലക്ഷ്യം കണ്ടു. മെസിയുടെ ബോക്സിനു പുറത്തുനിന്നുള്ള ദുര്‍ബല ഷോട്ട് പിടിക്കാന്‍ യുണൈറ്റഡിന്റെ സൂപ്പര്‍ ഗോള്‍കീപ്പര്‍ ഡി ഗിയക്ക് കഴിഞ്ഞില്ല. ബോക്സിനു പുറത്തുനിന്ന് ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെ 61ാം മിനിറ്റിലായിരുന്നു യുണൈറ്റഡിന്റെ പതനം പൂര്‍ത്തിയാക്കിയ കുട്ടീന്യോയുടെ മൂന്നാം ഗോള്‍. രണ്ടുപാദങ്ങളിലുമായി 4-0നാണ് ബാഴ്സയുടെ വിജയം. ലിവര്‍പൂള്‍- പോര്‍ട്ടോ ക്വാര്‍ട്ടറിലെ വിജയികളെയാണ് ബാഴ്സലോണ സെമി ഫൈനലില്‍ നേരിടുന്നത്.
അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തോല്‍വിയില്‍ നിരാശ പങ്കുവെച്ചെങ്കിലും ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് കിരീടം ബാഴ്സലോണയ്ക്കായിരിക്കും എന്ന പ്രവചനം നടത്താനും യുണൈറ്റഡ് പരിശീലകന് ഒലേ ഗണ്ണര്‍ സോല്ഷാര് മടിച്ചില്ല. ലിവര്‍പൂളോ പോര്ട്ടോയോ ആര് എതിരാളിയായി വന്നാലും സെമിയിലെ വിജയം ബാഴ്സയ്ക്കാകുമെന്നും ടൂര്‍ണമെന്റില്‍ തന്റെ ഇഷ്ട ടീം ബാഴ്സ തന്നെയാണെന്നും സോല്ഷാര് വിലയിരുത്തലിനൊടുവില്‍ പ്രതികരിക്കുന്നു.
Discussion about this post