പാലക്കാട്: പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംബി രാജേഷിന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ സ്കൂട്ടറില്‍ നിന്നും താഴെ വീണത് വടിവാളല്ല, കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാക്കത്തി ആണെന്ന് പോലീസ് റിപ്പോര്‍ട്ട്. റാലിയായെത്തിയ സ്കൂട്ടറിലിരുന്ന ആളില്‍ നിന്ന് ആയുധം താഴക്കേ് തെറിച്ച് വീഴുന്നതും തിരികെ എടുത്ത് സ്കൂട്ടറില്‍ കയറി റാലിയില്‍ ചേരുന്നതിന്റെയും വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. വടിവാളാണെന്ന് പറഞ്ഞായിരുന്നു സൈബര്‍ ലോകത്തെ വ്യാജപ്രചരണം.
കൃഷി ജോലി കഴിഞ്ഞു സ്കൂട്ടറില്‍ വച്ച വാക്കത്തിയാണു വാഹനം മറിഞ്ഞപ്പോള്‍ താഴെ വീണതെന്നും അതിനു പിന്നില്‍ ദുരുദ്ദേശ്യങ്ങളൊന്നുമില്ലെന്നും സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി എസ്പിക്കു നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ അഞ്ചിനു രാജേഷിന്റെ പര്യടനം കടമ്പഴിപ്പുറം പഞ്ചായത്തിലെ പുലാപ്പറ്റയ്ക്കു സമീപം ഉമ്മനഴി എത്തിയപ്പോഴാണു വിവാദമായ ആയുധം വീണത്.
സ്ഥാനാര്‍ഥിയുടെ വാഹനത്തിനു പിന്നില്‍ റാലിയായി എത്തിയ ഇരുപതോളം ഇരുചക്ര വാഹനങ്ങളില്‍ ആറാമതായി എത്തിയ സ്കൂട്ടര്‍ വളവ് തിരിയുന്നതിനിടെ റോഡിലേക്കു ചെരിഞ്ഞപ്പോള്‍ ആയുധം റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു. പിന്നാലെ എത്തിയ ഇരുചക്രവാഹനങ്ങളില്‍ ചിലതു ചെരിഞ്ഞുവീണ വാഹനത്തെ കടന്നു പോയെങ്കിലും, ഒരാള്‍ താഴെ വീണ ആയുധം മറയുന്ന വിധം വാഹനം ചേര്‍ത്തു നിര്‍ത്തി.
ചെരിഞ്ഞ വാഹനത്തിന്റെ പിന്നില്‍ ഇരുന്ന യുവാവ് ആയുധം റോഡില്‍ നിന്നെടുത്തു റാലിക്കൊപ്പം ചേര്‍ന്നു. സമീപം നിന്നവരില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോയിലാണ് ഈ ദൃശ്യങ്ങളുള്ളത്. നിലത്തുവീണ ആയുധം ഏതു തരത്തിലുള്ളതാണെന്നു ദൃശ്യങ്ങളില്‍ വ്യക്തമല്ലെങ്കിലും അതു വടിവാളാണെന്ന് ആരോപിച്ചു ജില്ലാ കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പ് കമ്മിഷനും പോലീസിനും പരാതി നല്കി. ഇതു കാര്‍ഷിക ആവശ്യത്തിനു ഉപയോഗിക്കുന്ന മടവാളാണെന്നു സിപിഎമ്മും പറഞ്ഞിരുന്നു. പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അതു മടവാളെന്നു പോലീസ് വ്യക്തമാക്കുന്നത്.
Discussion about this post