ടിവി അനുപമയ്ക്ക് സിവില്‍ സര്‍വീസില്‍ നാലാം റാങ്ക് കിട്ടിയപ്പോഴുള്ള അനുഭവം പങ്കുവെച്ച് ഒരു പൊന്നാനിക്കാരന്റെ ഫേസ് ബുക്ക് പോസ്റ്റ്. പൊന്നാനി സ്വദേശിയും മാധ്യമ പ്രവര്‍ത്തകനുമായ സഫറാസ് അലിയാണ് അനുപമയ്ക്കുള്ള പിന്തുണ ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. അനുപമയ്ക്ക് റാങ്ക് കിട്ടിയപ്പോള്‍ അത് ആഘോഷിച്ചത് ഒരു നാട് മുഴുവനാണ്.
തെരഞ്ഞടുപ്പ് പ്രചരണത്തില്‍ അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയതിന് തൃശ്ശൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ തൃശ്ശൂര്‍ കളക്ടറായ ടിവി അനുപമ നടപടി എടുത്തിരുന്നു. ഇതിനു പിന്നാലെ നിരവധിപ്പേരാണ് അനുപമയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്.
സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പറയരിക്കല്‍ കൃഷ്ണപ്പണിക്കരുടെ കൊച്ചു മകളായ അനുപമ എടുത്ത ഓരോ നിലപാടിലും നാടിന്റെ കൂടി പിന്തുണ ഉണ്ടെന്നും നാടിന്റെ കൂടി പാരമ്പര്യമാണ് അനുപമയില്‍ പ്രതിഫലിക്കുന്നത് എന്നത് അഭിമാനമുണ്ടാക്കുന്നുണ്ടെന്നും സഫറാസ് അലി പറയുന്നു.
നോക്കുകൂലി, പച്ചക്കറികളിലെ കീടനാശിനികളുടെ അമിത സാന്നിധ്യം, ഭക്ഷ്യ വസ്തുക്കളിലെ മായം കലര്‍ത്തല്‍ എന്നിവയ്‌ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ച് ജനശ്രദ്ധ നേടിയ കളക്ടറാണ് ടിവി അനുപമ ഐഎഎസ്.
മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശിയാണ് അനുപമ. പോലീസ് ഉദ്യോഗസ്ഥനായിരുന്ന കെകെ ബാല സുബ്രമണ്യത്തിന്റെയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് എഞ്ചിനീയറായ ടിവിരമണിയുടെയും മൂത്ത മകളാണ്. അനുപമയുടെ ഭര്‍ത്താവ് ക്ലിന്‍സണ്‍ പോള്‍ ആണ്.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഒരു പതിറ്റാണ്ട് മുമ്പാണ് ഞങ്ങളുടെ പ്രദേശം സിവില്‍ സര്‍വ്വീസിന്റെ നാലാമത്തെ റാങ്കിനാല്‍ പുരസ്‌കൃതമായത്. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പറയരിക്കല്‍ കൃഷ്ണപ്പണിക്കരുടെ തറവാട്ടിലെ ഇളമുറക്കാരി ടിവി അനുപമ അക്കാലം മുതല്‍ നാടിന്നഭിമാനമായി. അവര്‍ക്കായി പൗരാവലി അഭൂതപൂര്‍വ്വമായ സ്വീകരണമൊരുക്കി. പനമ്പാട്ടുകാര്‍ക്കായി ഒരു കളക്ടര്‍ വരാനുണ്ടെന്ന അതിതീവ്ര പ്രതീക്ഷയില്‍ അപ്പോള്‍ മുതല്‍ ഞങ്ങള്‍ ഉറക്കമൊഴിച്ചു. ഐഎഎസ് മുദ്ര മുഖരിതമായ ആ കാറിനു പിറകില്‍ ഞങ്ങളെമ്പാടും കയറിയിരുന്നു കഴിഞ്ഞിരുന്നു.
പനമ്പാടിന്റെ സാംസ്‌കാരികതയില്‍ നങ്കൂരമുറപ്പിച്ച ടൗണ്‍ ബ്രദേഴ്‌സ് ക്ലബ് ‘അനുപമം’ എന്ന പേരില്‍ ആഘോഷ ദിനമൊരു സപ്ലിമെന്റിറക്കി. ഞാനായിരുന്നു അത് എഡിറ്റ് ചെയ്തത്. അനുപമയെക്കുറിച്ചുള്ള വൈവിധ്യ ആങ്കിളുകളിലായുള്ള ഫീച്ചറുകള്‍, സൈഡ് സ്റ്റോറീസ്, അവരുടെ അധ്യാപകരുടെ അനുഭവക്കുറിപ്പുകള്‍, അവരുമായി ദീര്‍ഘ വര്‍ത്തമാനം തുടങ്ങിയവയായിരുന്നു ഉള്ളടക്കം. അന്നേ ദിവസം രാവിലെ പനമ്പാട് സെന്ററില്‍ വെച്ച് സ്വാതന്ത്ര്യസമര സേനാനിയും ഇ. മൊയ്തു മൗലവിയുടെ മകനുമായ എം റഷീദ്ക്ക കവയിത്രി അഭിരാമിക്ക് നല്‍കി പ്രൗഢ ഗംഭീര പ്രകാശനം നിര്‍വ്വഹിച്ചു.
അനുപമയുടെ പ്രഥമ അഭിമുഖ സംഭാഷണമായിരുന്നു സപ്ലിമെന്റിന്റെ മാസ്റ്റര്‍ ഹൈലൈറ്റ്. അഴിമതിക്കെതിരെ തുറന്ന യുദ്ധമാകും തന്റെ ഔദ്യോഗിക ജീവിതമെന്ന് ആ വിദ്യാര്‍ത്ഥിനി ആര്‍ജ്ജവത്തോടെ പറഞ്ഞു. ദരിദ്രരുടെ കണ്ണീരൊപ്പുകയാണ് ലക്ഷ്യമെന്നും എവിടെ പോയാലും നാട്ടിലേക്ക് തിരിച്ചു വരാനാണ് ഏറ്റവുമാഗ്രഹിക്കുന്നതെന്നും ഏത് കഠിന പ്രയത്‌നത്തിനും സാക്ഷാത്കാരമുണ്ടാകുമെന്നുമടക്കം തന്റെ ദീര്‍ഘയാത്രകളുടെ വഴിവൈവിധ്യങ്ങള്‍ അനുപമയതില്‍ വിശദീകരിച്ചിരുന്നു.
ഇക്കാലമത്രയുമുള്ള ടിവി അനുപമയുടെ ചങ്കുറപ്പിന്റെ ബ്ലൂ പ്രിന്റ് അക്കാലത്തേ അവര്‍ നിര്‍ണ്ണയിച്ചു കഴിഞ്ഞിരുന്നു. ദുര്‍ഭൂതങ്ങളായ നിറപറയോടും തോമസ് ചാണ്ടിയോടും സംഘ് പരിവാറിനോടും മുട്ടുമടക്കാതെ മുന്നേറിയ ടിവി അനുപമ ഞങ്ങള്‍ പനമ്പാട്ടുകാരുടെ അഭിമാനവും അഹങ്കാരവുമാണ്.
മനുഷ്യന്‍ എന്ന പദത്തെ അന്വര്‍ത്ഥമാക്കിയവരാണ് സ്വാതന്ത്ര്യസമര സേനാനികള്‍. ദീര്‍ഘ സമരങ്ങള്‍ ചെയ്തതിന് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വം മര്‍ദ്ദിച്ചവശനാക്കിയതിനാല്‍ ഇരുപത്തൊമ്പതാം വയസ്സില്‍ ക്ഷയം ബാധിച്ച് അമരനായ കോണ്‍ഗ്രസ്സുകാരന്റെ പേരാണ് പറയരിക്കല്‍ കൃഷ്ണപ്പണിക്കര്‍. ആ ധീര യോദ്ധാവിന്റെ കൊച്ചുമകളെ ഭയപ്പെടുത്താമെന്നത് പരിവാറുകാരുടെ വ്യാമോഹം മാത്രമാണ്. ഫാസിസ്റ്റ് അജണ്ട പൂജ്യം ഡിഗ്രിയില്‍ നിര്‍വ്വീര്യമാകുന്ന കാലമാണ് വരാനുള്ളത്. അതിലൊരു പ്രധാന ചുവട് ഇവിടെ, പനമ്പാട് നിന്നാണ്. പൊന്നാനിയുടെ മണ്ണ് എക്കാലത്തും ഫാസിസത്തെ തുരത്തിയ പരവതാനിയാണ്. അനുപമയ്ക്ക് നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍.
Discussion about this post