ന്യൂഡല്‍ഹി: അശ്ലീലമായ ഉള്ളടക്കങ്ങള്‍ ഉള്ളതിനാല്‍ വീഡിയോ മേക്കിങ് ആപ്ലിക്കേഷനായ ‘ടിക് ടോകിന്’ നിരോധനം ഏര്‍പ്പെടുത്തിയ വിധിക്കെതിരെ നല്കിയ ഹര്‍ജി അടിയന്തിരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. മദ്രാസ് ഹൈക്കോടതിയാണ് ടിക് ടോക് ഡൗണ്‍ലോഡ് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്.
സമയമാകുമ്പോള്‍ ഹര്‍ജി പരിഗണിക്കുമെന്നും ഇപ്പോള്‍ അടിയന്തിരമായി കേള്‍ക്കില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. യുവതലമുറയുടെ ഹരമായി മാറിയ ടിക് ടോകില്‍ അശ്ലീല ഉള്ളടക്കങ്ങളാണ് ഉള്ളതെന്നും ഇത് സംസ്കാരത്തെ നശിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജിയെത്തിയത്.
തുടര്‍ന്ന് ഏപ്രില്‍ മൂന്നിന് ടിക് ടോക് ഡൗണ്‍ലോഡ് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് വിധിച്ചു. എന്നാല്‍ കോടതി വിധി നടപ്പിലാക്കാന്‍ ഉടന്‍ സാധിക്കില്ലെന്നും ഇത് പ്രയാസമുള്ള കാര്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
Discussion about this post