തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ സ്ത്രീ വിരുദ്ധതയും തട്ടിപ്പും പ്രചാരണായുധമാക്കി കോണ്‍ഗ്രസിനെതിരെ മത്സരരംഗത്തേക്ക് ഇറങ്ങിത്തിരിച്ച സരിത എസ് നായര്‍ക്ക് നോമിനേഷന് തള്ളിയത് തിരിച്ചടിയായിരുന്നു. വയനാട്, എറണാകുളം ലോക്സഭാ മണ്ഡലങ്ങളില്‍ നല്കിയ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മപരിശോധനയ്ക്ക് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് തള്ളിയത്.
സോളാര്‍ തട്ടിപ്പുകേസുകളില്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ജയില്‍ ശിക്ഷ അനുഭവിച്ചതിനാലാണ് സരിത രണ്ട് മണ്ഡലങ്ങളിലും സമര്‍പ്പിച്ച പത്രികകള്‍ തള്ളിയത്. സരിതക്കെതിരെ വിധിച്ച ശിക്ഷ റദ്ദാക്കിയിട്ടില്ലെന്നും വരണാധികാരികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സരിത. സോളാര്‍ ചിഹ്നം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ച് വാങ്ങി മത്സരിക്കാന്‍ തന്നെയാണ് സരിതയുടെ ശ്രമങ്ങള്‍.
നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ ഹൈകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സരിത. അവരുമായി അടുത്ത വൃത്തങ്ങളാണ് ഇത്തരത്തിലുള്ള സൂചനകള്‍ നല്‍കുന്നത്.
നേരത്തെ, സോളാര്‍ കേസിലെ പ്രതിയായ ഹൈബി ഈഡന് യുഡിഎഫ് എറണാകുളത്ത് സീറ്റ് നല്‍കിയതാണ് സരിതയെ മത്സരരംഗത്തേക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ചത്. സോളാര്‍ കേസിലെ പ്രതികളായ നേതാക്കള്‍ക്ക് കോണ്‍ഗ്രസ് ടിക്കറ്റ് നല്കിയാല് താന്‍ മത്സര രംഗത്തുണ്ടാകുമെന്ന് സരിത നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഇതിനുപിന്നാലെയാണ് സിറ്റിങ് എംപിയായ കെവി തോമസിനെ ഒഴിവാക്കി സിറ്റിങ് എംഎല്‍എയായ ഹൈബി ഈഡന് കോണ്‍ഗ്രസ് എറണാകുളം സീറ്റ് നല്‍കിയത്. ഇതോടെ സരിതയും മത്സര രംഗത്തേക്ക് എത്തുകയായിരുന്നു.
എന്നാല്‍, വയനാട് ലോക്സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക നല്കാന് സരിതയെ പ്രേരിപ്പിച്ചത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വമാണ്.
ഏറെ ആശങ്കകള്‍ക്കും കാത്തിരിപ്പുകള്‍ക്കും ശേഷം രാഹുല്‍ ഗാന്ധി രണ്ടാം മണ്ഡലമായി വയനാടിനെ തെരഞ്ഞെടുത്തതോടെ സരിതയും തന്റെ രണ്ടാമത്തെ മണ്ഡലത്തിനായി വയനാട്ടിലെത്തി. രാഹുല്‍ ഗാന്ധിക്ക് സോളാര്‍ കേസില്‍ പങ്കില്ലെങ്കിലും പ്രതികളായ കോണ്‍ഗ്രസ് നേതാക്കള്ക്കളോട് രാഹുല്‍ തുടരുന്ന മൃദുസമീപനമാണ് സരിതയെ പ്രകോപിപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് നിരവധി തവണ ഫാക്സുകളും ഇമെയിലുകളും അയച്ചിട്ടും രാഹുല്‍ ഗാന്ധി പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട്, ഒരു സ്ത്രീയുടെ പരാതിയോട് ഭാവി പ്രധാനമന്ത്രി ഇങ്ങനെയാണോ പ്രതികരിക്കേണ്ടത് എന്ന ചോദ്യമുയര്‍ത്തിയായിരുന്നു സരിതയുടെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം.
ഒടുവില്‍ ഹൈബി ഈഡനും രാഹുല്‍ ഗാന്ധിക്കുമെതിരെ മത്സരിക്കാന്‍ തീരുമാനിച്ചുറപ്പിച്ച് സരിത രാഷ്ട്രീയ കളത്തിലേക്ക് ഇറങ്ങിയെങ്കിലും അവിടേയും സോളാര്‍ കേസ് പുലിവാലായി. കോടതിയില്‍ നിന്നും അനുകൂല വിധി നേടിയെടുത്ത് ഹൈബിക്ക് എതിരേയും രാഹുലിനെതിരേയും മത്സരിക്കാന്‍ തന്നെയാണ് സരിത തീരുമാനിച്ചിരിക്കുന്നത്.
ഇതിനെ ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കള്‍ ഭയത്തോടെ തന്നെയാണ് കാണുന്നത്. കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള കെസി വേണുഗോപാല്‍, ഹൈബി ഈഡന് എന്നിവര്‍ക്കെതിരെ സരിതയുടെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്.
പതിവുപോലെ സരിതയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ സിപിഎമ്മാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സരിതയെ മുന്‍നിര്‍ത്തി രാഷ്ട്രീയം കളിക്കുന്നത് സിപിഎമ്മാണെന്ന വാദം കോണ്‍ഗ്രസ് ഉയര്‍ത്തുന്നത് ജനവികാരം സിപിഎമ്മിനെതിരെ തിരിച്ചുവിടാം എന്നും കണക്കുകൂട്ടിയാണ്. എന്നാല്‍ സോളാര്‍ ഉപയോഗിച്ച് ജീര്‍ണിച്ച രാഷ്ട്രീയം കളിക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ലെന്ന് സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ പ്രതികരിക്കുന്നു. രാഷ്ട്രീയം പറഞ്ഞും ചര്‍ച്ച ചെയ്തുമാണ് ഇടതുപക്ഷം വോട്ട് പിടിക്കുന്നതെന്നും അപവാദ പ്രചാരണത്തിലൂടെ വോട്ട് പിടുത്തം യുഡിഎഫിന്റെ രീതിയാണെന്നും സിപിഎം തിരിച്ചടിക്കുന്നു.
അതേസമയം, സോളാര്‍ കേസ് ദേശീയ തലത്തില്‍ ഉയര്‍ത്തിക്കാണിച്ച് സരിതയെ ഉപയോഗിച്ച് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളുടെ മുഖം മൂടി വലിച്ചുകീറാന്‍ രാഷ്ട്രീയ കരുക്കള്‍ നീക്കുന്നതിന് പിന്നില്‍
ബിജെപിയാണെന്നും സംസാരമുണ്ട്.
സരിത സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ദേശീയ അടിസ്ഥാനത്തില്‍ തന്നെ കോണ്‍ഗ്രസിനെതിരെ പ്രചാരണം നടത്താന്‍ ആവുമെന്ന് ഇവര്‍ കണക്കു കൂട്ടുന്നു.
വയനാട് മണ്ഡലത്തില്‍ നോമിനേഷന് കൊടുക്കാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വന്ന സമയത്ത് നേരില്‍ കണ്ട് സരിത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പരാതി വീണ്ടും നല്‍കിയതായും സരിതയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
Discussion about this post