മലപ്പുറം: മലപ്പുറം എടപ്പാളില്‍ പ്രായപൂര്‍ത്തിയാകാത്ത നാടോടി പെണ്‍കുട്ടിക്ക് ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തില്‍ പെണ്‍കുട്ടിക്ക് തലയ്ക്ക് പരിക്കേറ്റു. ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനിടെയാണ് പത്ത് വയസുകാരിയായ പെണ്‍കുട്ടിയെ ഒരു അജ്ഞാത വ്യക്തി മര്‍ദ്ദനത്തിനിരയാക്കിയത്. തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിക്ക് നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ടെങ്കിലും ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.
രാവിലെ പത്ത് മണിയോടെയാണ് നാടോടി പെണ്‍കുട്ടിക്ക് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പോലീസ് കുട്ടിയുടെ മൊഴിയെടുത്തു. ആക്രി സാധനങ്ങള്‍ പെറുക്കുന്നതില്‍ നിന്ന് ഒരാള്‍ വിലക്കിയെന്നും അയാള്‍ കട്ടിയുള്ള വസ്തു ഉപയോഗിച്ച് തലക്കടിച്ചു എന്നും പെണ്‍കുട്ടി പോലീസില്‍ മൊഴി നല്കി. സംഭവം നടക്കുമ്പോള്‍ കുട്ടി ഒറ്റാക്കായിരുന്നു. എന്നാല്‍ ഇയാള്‍ ആരാണെന്ന് ഇതുവരെ തിരിച്ചറിയാന്‍ ആയിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. അപകടകരമായ പരിക്കുകള്‍ ഇല്ലെങ്കില്‍പോലും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമമായതിനാല്‍ പ്രതിക്കെതിരെ ശക്തമായ രീതിയില്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post