തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയതിന് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ.
താന്‍ തന്റെ ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്നും ബിജെപിയുടെ വിമര്‍ശനങ്ങളില്‍ പ്രതികരിക്കാനില്ലെന്നും ടിവി അനുപമ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം തൃശ്ശൂരിലെ എന്‍ഡിഎ മണ്ഡലം കണ്‍വെന്‍ഷനിലായിരുന്നു തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തി സുരേഷ് ഗോപിയുടെ പ്രസ്താവന. അയ്യപ്പന് ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നായിരുന്നു പ്രസ്താവന.
ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണു താന്‍ വോട്ട് അപേക്ഷിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കാണിച്ച് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത്. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നു കാണിച്ചായിരുന്നു നോട്ടീസ്.
Discussion about this post