തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട കുട്ടിയുടെ മാതാവ് സംഭവത്തില്‍ പ്രധാന സാക്ഷിയായേക്കും. കുട്ടിയുടെ അമ്മയും അനിയനുമാണ് കേസിലെ പ്രധാന സാക്ഷികള്‍. അരുണ്‍ ആനന്ദിനെതിരെ ശക്തമായ തെളിവുകള്‍ നിരത്തിയത് കുട്ടിയുടെ അമ്മയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പ്രധാന സാക്ഷിയാക്കുന്നത്.
സഹോദരനെ അരുണ്‍ ക്രൂരമായി മര്‍ദിച്ചതായി ഇളയകുട്ടി പോലീസിനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും മൊഴി നല്‍കിയിരുന്നു. എങ്കിലും യുവതിയുടെ മൊഴി കേസില്‍ കൂടുതല്‍ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. തന്നെയും കുട്ടികളെയും അരുണ്‍ ആനന്ദ് ക്രൂരമായി ഉപദ്രവിച്ചിരുന്നുവെന്നാണ് പോലീസിനോടും യുവതി പറഞ്ഞത്. ഇവര്‍ മാനസികമായി തളര്‍ന്ന നിലയിലാണ്. ഇവര്‍ സാധാരണനിലയിലായാല്‍ വിശദമായി മൊഴിയെടുക്കും. ഇവരെ പ്രതിയാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇളയകുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിരീക്ഷണത്തിലാണ്. കുട്ടിയുടെ സംരക്ഷണം താല്‍ക്കാലികമായി യുവതിയുടെ അമ്മയ്ക്ക് വിട്ടുനല്‍കിയിരിക്കുകയാണ്. എന്നാല്‍, കുട്ടിയെ സംരക്ഷിക്കാമെന്ന് യുവതിയുടെ ഭര്‍ത്താവിന്റെ അച്ഛന്‍ സിഡബ്യുസിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇത് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലേക്ക് അയച്ചിട്ടുണ്ട്.
Discussion about this post