ന്യൂഡല്‍ഹി: സപ്ന ചൗധരിയെന്ന പ്രാദേശിക ഹരിയാന്‍വി ഗായികയും നര്‍ത്തകിയുമായ സുന്ദരിക്ക് പിന്നാലെ എന്തിനാണ് ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭ്രാന്തമായി അലയുന്നത്. കുറച്ചുദിവസമായി ദേശീയ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത് ഈ വിഷയമാണ്. ഗായികയും നര്‍ത്തകിയുമായ സപ്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി തങ്ങളുടെ പാര്‍ട്ടിയില്‍ ചേര്‍ന്നെന്ന അവകാശവാദവുമായി ആദ്യം രംഗത്തെത്തിയത് കോണ്‍ഗ്രസാണ്. ഇതിനു തൊട്ടുപിന്നാലെ ഡല്‍ഹി ബിജെപി പ്രസിഡന്റ് മനോജ് തിവാരിയുടെ കൂടെ പ്രത്യക്ഷപ്പെട്ടതോടെ സപ്ന ബിജെപിയില്‍ ചേര്‍ന്നെന്ന അഭ്യൂഹങ്ങളും ശക്തമായി. ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നെന്നായിരുന്നു തുടര്‍ന്നു വന്ന ഊഹാപോഹങ്ങള്‍.
ഇതോടെ ഈ പ്രാദേശിക ഗായികയുടെ പിന്നാലെയായി രാഷ്ട്രീയ ലോകത്തിന്റെ ചര്‍ച്ച. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടികള്‍ ഹരിയാനക്കാരിയായ ഗായികയ്ക്കായി പരസ്പരം തല്ലുകൂടുന്നത് കേവലം കൗതുകകരമല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ അധികം ശ്രദ്ധയെത്താത്ത ചെറു പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സപ്ന ഒരു മെഗാ സ്റ്റാറാണ്. ഇവരുടെ ഓരോ ചെറിയ സ്റ്റേജ് ഷോകള്‍ക്ക് പോലും ആയിരക്കണക്കിന് ജനങ്ങളാണ് തടിച്ചുകൂടുന്നത്. സാധാരണക്കാരായ ജനങ്ങള്‍ക്കിടയില്‍ സപ്നയുടെ സ്വാധീനം മനസിലാക്കിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇവരെ ഒപ്പം നിര്ത്താതിരിക്കാനാകില്ല. സപ്നയുടെ ആരാധകരെന്ന വലിയൊരു ശതമാനം വോട്ടുബാങ്കിനെ ലക്ഷ്യമിട്ട് തന്നെയാണ് കോണ്‍ഗ്രസും ബിജെപിയും ഈ ഗായികയെ പാട്ടിലാക്കാന്‍ കഷ്ടപ്പെടുന്നത്.
സപ്നയുടെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഹരിയാനയില്‍ മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സപ്നയ്ക്ക് വലിയ അളവില്‍ ആരാധകവലയമുണ്ട്. 2018ല്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട മൂന്നാമത്തെ സെലിബ്രിറ്റി കൂടിയാണ് സപ്ന.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ വോട്ട് ബാങ്കായ ജാട്ട് സമുദായങ്ങള്‍ക്കിടയിലെ സപ്നയുടെ സ്വാധീനമാണ് രാഷ്ട്രീയപാര്‍ട്ടികളുടെ മറ്റൊരു ലക്ഷ്യം. രാജസ്ഥാനിലെ ഡസന്‍ കണക്കിന് ലോക്സഭാ മണ്ഡലങ്ങളില്‍ ജാട്ട് സമുദായത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. ഒപ്പം, ഡല്‍ഹിയിലും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും ഹരിയാനയിലും ജാട്ടിന് ഏറെ സ്വാധീനമുണ്ട്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസും, എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യവും ജാട്ട് സമുദായത്തിന്റെ പിന്തുണ പ്രതീക്ഷിക്കുമ്പോള്‍ ബിജെപിയെ ജാട്ട് കൈവിട്ട മട്ടാണ്.
2014ല്‍ ഈ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് മികച്ച വിജയം സമ്മാനിച്ചത് ജാട്ട് സമുദായത്തിന്റെ പിന്തുണ കൊണ്ടായിരുന്നു. പക്ഷെ, ഇപ്പോള്‍ വലിയൊരു ശതമാനം സമുദായാംഗങ്ങളും ബിജെപിയെ കൈവിട്ട് കഴിഞ്ഞു. 2016ല്‍ ജാട്ട് സമുദായം തൊഴിലില്‍ സംവരണം ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭങ്ങളെ മോഡിയുടെ ബിജെപി സര്‍ക്കാര്‍ അടിച്ചമര്‍ത്തിയിരുന്നു. 30ഓളം ആളുകള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് യുവാക്കളും ജാട്ട് സമുദായാംഗങ്ങളും പരിക്കേറ്റ് ചികിത്സയിലാവുകയും കേസുകളില്‍ ഉള്‍പ്പെടുകയും ചെയ്ത സംഭവമായിരുന്നു അത്. ഇതോടെ ബിജെപി ജാട്ടിന് വലിയ നിരാശയാണ് സമ്മാനിച്ചത്.
ഇതിനിടെ, ഒരാഴ്ച മുമ്പ് ഉത്തര്‍പ്രദേശിലെ ജാട്ട് നേതാക്കള്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി നേതൃത്വം നല്കുന്ന വിശാല പ്രതിപക്ഷ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഒരാഴ്ച കൊണ്ട് മുന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ മോഡി സര്‍ക്കാര്‍ ജാട്ട് സമുദായത്തിന് സംവരണം നല്‍കാതെ വഞ്ചിച്ചെന്ന് ഇവര്‍ പരസ്യമായി കുറ്റപ്പെടുത്തുകയും ചെയ്തു.
രാജസ്ഥാനിലാകട്ടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായിരുന്നു ജാട്ടിന്റെ പിന്തുണ. സംസ്ഥാനത്തെ ഒട്ടുമിക്ക സീറ്റുകളും പിടിച്ചെടുത്ത് കോണ്‍ഗ്രസ് ഭരണവും പിടിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലും ഈ പിന്തുണയാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഇത് ബിജെപിയുടെ ഉറക്കം തെല്ലൊന്നുമല്ല കെടുത്തുന്നത്.
ഹരിയാനയിലാണെങ്കില്‍, ജാട്ട് ഇതര വോട്ടുകള്‍ കൊണ്ടാണ് ഭരണം നേടിയതെന്നാണ് ബിജെപി വിശ്വസിക്കുന്നത്. അതിനാല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ജാട്ട് പിന്തുണയില്ലാതെ ജയിക്കാമെന്നാണ് ബിജെപി കണക്കുകൂട്ടല്‍.
എങ്കിലും, നാല് സംസ്ഥാനങ്ങളില്‍ വ്യക്തമായി തന്നെ ഭൂരിപക്ഷമുള്ള ജാട്ടുകളില്‍ സപ്ന ചൗധരിയുടെ സ്വാധീനം ശക്തമാണ്. ഈ വോട്ടുകളെ സ്വന്തം പക്ഷത്തേക്ക് എത്തിക്കാനായി സപ്ന ചൗധരിയെ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ പാര്‍ട്ടിയില്‍ ചേര്‍ക്കാനാണ് ദേശീയ പാര്‍ട്ടികളുടെ കടിപിടി.
നടന് ധര്‍മ്മേന്ദ്രയെ വിവാഹം ചെയ്ത് ജാട്ടുകളുടെ മരുമകളായ ബിജെപി സ്ഥാനാര്‍ത്ഥി ഹേമ മാലിനിക്ക് പകരം മഥുരയില്‍ സപ്നയെ നിര്‍ത്തിക്കൂടെയെന്നാണ് ഉയരുന്ന ഒരു ചോദ്യം. അങ്ങനെയെങ്കില്‍ ബിജെപിയില്‍ നിന്നും അകന്ന ജാട്ടുകളെ വീണ്ടും പാര്‍ട്ടിക്കൊപ്പം നിര്‍ത്താനാകും. മനോജ് തിവാരിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും സപ്ന ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാനായിട്ടില്ല. എന്നാല്‍, അദ്ദേഹത്തിന്റെ സുഹൃത്ത് എന്ന നിലയില്‍ സപ്ന തെരഞ്ഞെടുപ്പ് കളത്തിലേക്ക് ഇറങ്ങാനും സാധ്യതയുണ്ട്.
Discussion about this post