തിരുവനന്തപുരം: വയനാട് ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സിപിഎമ്മിനെതിരെ ഒരക്ഷരം പോലും മിണ്ടില്ലെന്നാണ് രാഹുല്‍ പറഞ്ഞത്.
സിപിഎമ്മിനെതിരെ നടത്തുന്ന പ്രചാരണം കോണ്‍ഗ്രസിനെതിരായി മാറുമെന്ന ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധി ഇടതു പക്ഷത്തിനെതിരെ ഒന്നും സംസാരിക്കില്ലെന്ന നിലപാട് എടുത്തതെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
വയനാട് ലോക്സഭ മണ്ഡലത്തില്‍ രാഹുല്‍ മത്സരിക്കാന്‍ എത്തുന്നതോടെ കേരളത്തില്‍ തരംഗമുണ്ടാക്കുമെന്നാണ് ചിലര്‍ പറയുന്നത്. രാഹുല്‍ മത്സരിക്കുന്ന അമേഠി ഉള്‍പ്പെടുന്ന ഉത്തര്‍ പ്രദേശില്‍ 80 സീറ്റുകളുണ്ട്. അവിടെ തരംഗമുണ്ടാക്കാന്‍ കഴിയാത്ത രാഹുല്‍ കേരളത്തില്‍ എന്ത് തരംഗമുണ്ടാക്കുമെന്നാണ് ഇവര്‍ പറയുന്നതെന്നും കോടിയേരി ബാലകൃഷ്ണന് ചോദിച്ചു.
രാഹുലിന്റെ ലക്ഷ്യം ഒരൊറ്റ ഇന്ത്യയെന്ന സന്ദേശം നല്‍കുകയാണ് എന്നാണെങ്കില്‍ ഒരൊറ്റ മണ്ഡലത്തില്‍ മാത്രം മത്സരിച്ചാല്‍ മതിയായിരുന്നു. വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും മത്സരിച്ചുകൊണ്ട് എങ്ങനെയാണ് ഒരൊറ്റ ഇന്ത്യയെന്ന സന്ദേശം നല്കാന് രാഹുലിന് കഴിയുകയെന്നും കോടിയേരി ചോദിച്ചു.
ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധി ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടില്‍ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. വന്‍ ജനാവലിയാണ് വയനാട്ടില്‍ രാഹുലിനെ വരവേറ്റത്. പത്രിക സമര്‍പ്പിക്കാന്‍ രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും എത്തിയിരുന്നു. വയനാട്ടില്‍ താന്‍ മത്സരിക്കാനെത്തിയത് ഇന്ത്യ ഒന്നാണ് എന്ന സന്ദേശം നല്‍കാനാണെന്നും സിപിഎമ്മും സിപിഐയും തനിക്കെതിരെ എന്ത് ആക്രമണം നടത്തിയാലും അതിനെതിരെ താന്‍ ഒരക്ഷരം പോലും പറയില്ലെന്നാണ് കല്പറ്റയില് റോഡ് ഷോയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട രാഹുല്‍ ഗാന്ധി പറഞ്ഞത്.
Discussion about this post