കല്പറ്റ: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്ക്. ട്രക്കില്‍ നിന്ന് വീണ വനിതാ റിപ്പോര്‍ട്ടറടക്കം അഞ്ചോളം മാധ്യമപ്രവര്‍ത്തകരില്‍ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. റോഡ് ഷോയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനായി ട്രക്കില്‍ സഞ്ചരിക്കുന്നതിനിടെ വാഹനത്തിന്റെ ബാരിക്കേഡ് തകര്‍ന്നാണ് മാധ്യമപ്രവര്‍ത്തകര്‍ താഴെ വീണത്.
റോഡ് ഷോ അവസാനിക്കുന്ന എസ്കെഎംജെ സ്കൂള്‍ മൈതാനത്ത് സമീപത്തായിരുന്നു അപകടം ഉണ്ടായത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത് കണ്ട രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ട്രക്കിനടുത്തെത്തി ഇവര്‍ക്ക് വെള്ളം നല്കി. തുടര്‍ന്ന് സാരമായി പരിക്കേറ്റ റിപ്പോര്‍ട്ടറെ ആശുപത്രിയില്‍ എത്തിക്കാന്‍ സ്ട്രക്ചറില്‍ എടുത്ത് ആംബുലന്‍സില്‍ കയറ്റി.
ഇതിന് രാഹുല്‍ ഗാന്ധിയും സഹായിച്ചു. പരിക്കേറ്റ റിപ്പോര്‍ട്ടറുടെ ഷൂസ് എടുത്ത് ആംബുലന്‍സിലെത്തിച്ചത് പ്രിയങ്കാ ഗാന്ധിയാണ്. ഇന്ത്യ എഹെഡ് കേരളാ റിപ്പോര്‍ട്ടര്‍ റിറ്റ്സണ്‍ ഉമ്മനാണ് സാരമായി പരിക്കേറ്റത്.
ഇതിന്റെ വീഡിയോ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഎസ് ജോയ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം പ്രിയങ്കയുടെ കൈയ്യില്‍ നിന്ന് ഒരു പ്രാവശ്യം ഷൂ താഴെ വീഴുകയും അത് അവര്‍ വീണ്ടും എടുക്കുന്നത് വീഡിയോയില്‍ കാണാം. ന്യൂസ് 9 റിപ്പോര്‍ട്ടര്‍ സുപ്രിയയ്ക്കും പരിക്കേറ്റു. ഇരുവരും കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ ചികിത്സയിലാണ്.
Discussion about this post