കല്‍പ്പറ്റ: യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാതെ ഇനി പ്രചാരണത്തിനില്ലെന്ന് വയനാട്ടിലെ ഘടകകക്ഷികള്‍. ഇതോടെ മുഴുവന്‍ ബൂത്തുകമ്മിറ്റികളുടെയും പ്രവര്‍ത്തനം നിലച്ചു. വയനാട് ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് പ്രചാരണം ഏറെക്കുറെ ഇതോടെ നിലച്ച മട്ടാണ്. പ്രചാരണത്തിനില്ലെന്ന് ഘടകക്ഷികള്‍ നിലപാടെടുത്തതും പലയിടത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചാരണത്തിന് ഇറങ്ങാത്തതും യുഡിഎഫിനെ ഒന്നടങ്കം കുഴക്കുന്നുണ്ട്. വിവരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംസ്ഥാന ദേശീയ നേതാക്കളെ അറിയിച്ചെങ്കിലും രണ്ടുദിവസത്തിനുള്ളില്‍ പരിഹാരമാകുമെന്ന് മാത്രമാണ് മറുപടി.
വീടുകയറിയിറങ്ങിയുള്ള പ്രചരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയതാകേണ്ട സമയമായിട്ടും സ്ഥാനാര്‍ത്ഥി ആരെന്ന് പോലും തീരുമാനിക്കാനാവാത്തതില്‍ രോഷാകുലരാണ് പ്രവര്‍ത്തകര്‍. മുസ്ലിം ലീഗും രോഷത്തിലാണ്. ആരാണ് സ്ഥാനാര്‍ത്ഥിയെന്ന് ഇനിയും തീരുമാനിക്കാത്തത് യുഡിഎഫിന്റെ വിജയസാധ്യതയെ ബാധിക്കുമെന്ന് ലീഗ് നേതൃത്വം വിലയിരുത്തി.
അതേസമയം, രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പ്രതികരിച്ചത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുതന്നെ യുഡിഎഫ് നിയോജകമണ്ഡലം പഞ്ചായത്ത് കമ്മിറ്റികള്‍ നിലവില്‍ വന്നിരുന്നു. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച ശേഷം ബൂത്തുതല കമ്മിറ്റികള്‍ രൂപികരിക്കാമെന്നായിരുന്നു ധാരണ. പ്രഖ്യാപനം വൈകുമെന്നറിഞ്ഞപ്പോള്‍ ചിലര്‍ കമ്മിറ്റി രൂപികരിച്ചു. എങ്കിലും മിക്ക മണ്ഡലങ്ങളിലും നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കല്‍ പൂര്‍ത്തിയായിട്ടും മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാരാണെന്ന ധാരണ പോലും പാര്‍ട്ടിക്കുള്ളില്‍ ഉരുത്തിരിയാത്ത അവസ്ഥയിലാണ് വയനാട്. അതുകൊണ്ടുതന്നെ നിരാശരായ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥി തീരുമാനമാകാതെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടെന്നും ഘടകക്ഷികള്‍ ഈ സാഹചര്യത്തില്‍ സഹകരിക്കേണ്ടെന്നുമുള്ള നിലപാടിലാണ്.
Discussion about this post