ന്യൂഡല്‍ഹി: പാകിസ്താനിലെ ബലാക്കോട്ടില്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയിട്ട് ഒരു മാസം പിന്നിടുന്നതിനിടെ പ്രദേശത്തേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനാനുമതി നല്കി പാകിസ്താന്. വ്യോമാക്രമണം നടന്നെന്ന് കരുതുന്ന ബലാക്കോട്ടിലെ ജയ്ഷെ മുഹമ്മദിന്റെ മദ്രസയിലേക്കാണ് ഇവര്‍ പ്രവേശിച്ചത്. പാകിസ്താന് അതിര്‍ത്തി സേനയുടെ അകമ്പടിയോടെയാണ് എട്ടോളം വരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ബലാക്കോട്ടിലെ മദ്രസയിലേക്ക് എത്താനായതെന്നാണ് വിവരം. വ്യാഴാഴ്ച പ്രത്യേകം സജ്ജീകരിച്ച ഹെലികോപ്റ്ററിലാണ് മാധ്യമപ്രവര്‍ത്തകര്‍ വ്യോക്രമണം നടന്നെന്ന് കരുതുന്ന സ്ഥലത്തേക്ക് എത്തിച്ചത്.
മാധ്യമപ്രവര്‍ത്തകര്‍ രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം 3.30 വരെയാണ് ഇവിടെ സമയം ചെലവഴിച്ചത്. മദ്രസയിലും പരിസരങ്ങളിലും പാകിസ്താന്റെ സമാന്തര സേന കനത്ത സുരക്ഷാവലയമാണ് ഒരുക്കിയിരുന്നതെന്നു മാധ്യമപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു. ചില സ്ഥലങ്ങളിലേക്ക് മാധ്യമപ്രവര്‍ത്തകരെ കടത്തിവിടാന്‍ തയ്യാറായില്ല. പലകെട്ടിടങ്ങളിലേക്കും പ്രവേശനം നിഷേധിക്കുകയും മിക്ക സ്ഥലങ്ങളും ടാര്‍പോളിന്‍ ഷീറ്റ് ഉപയോഗിച്ച് മറയ്ക്കുകയും ചെയ്തിരുന്നാണ് ഇവരുടെ വെളിപ്പെടുത്തല്‍. ജെയ്ഷെ മുഹമ്മദ് നടത്തുന്ന മദ്രസയില്‍ 300ഓളം വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും പഠനം തുടരുന്നുണ്ട്. ഇവരുമായി മാധ്യമപ്രവര്‍ത്തകര്‍ സംവദിക്കുകയും സമയം ചിലവഴിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളുടെ കൂടെ വീഡിയോകളും ചിത്രങ്ങളും പകര്‍ത്തുന്നതിനും ഇവര്‍ക്ക് അനുമതി ലഭിച്ചു.
നേരത്തെ, പുല്‍വാമ ആക്രമണത്തിന് മറുപടിയായി ഇന്ത്യ ഫെബ്രുവരി 26ന് വ്യോമാക്രമണം നടന്നതിനു ശേഷം ബലാക്കോട്ടിലേക്ക് പാകിസ്താന് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പാകിസ്താന് സേന അനുമതി നിഷേധിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ മാധ്യമങ്ങളെ കടത്തിവിടുമ്പോഴും മുഴുവന്‍ പ്രദേശവും ചുറ്റിക്കാണാനും പലസ്ഥലങ്ങളിലേക്കും പ്രവേശിക്കാനും അനുവദിക്കാതെ ചിലത് മറച്ച് പിടിക്കാനാണ് പാകിസ്താന്റെ ശ്രമമെന്ന് മാധ്യമങ്ങള്‍ സംശയിക്കുന്നു.
അതേസമയം, ബലാക്കോട്ടില്‍ വ്യോമാക്രമണം നടന്നെന്ന് തെളിയിക്കാന്‍ ഇപ്പോള്‍ പ്രദേശത്തേക്ക് എത്തിയ മാധ്യമങ്ങള്‍ക്കും സാധിച്ചിട്ടില്ല. പാകിസ്താന് ഒന്നും സംഭവിച്ചിട്ടില്ലെന്ന വാദത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയുമാണ്. ഇതിനിടെ, 300ഓളം ജയ്ഷെ തീവ്രവാദികളെ ആക്രമിച്ച് കൊലപ്പെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിരന്തരം തെരഞ്ഞെടുപ്പ് റാലികളില്‍ അവകാശപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. വ്യോമാക്രമണത്തിന് തെളിവ് ചോദിക്കുന്ന പ്രതിപക്ഷത്തിന് കൃത്യമായ മറുപടി നല്കാന് കേന്ദ്രസര്‍ക്കാരിന് ഇനിയും സാധിച്ചിട്ടുമില്ല.
Discussion about this post