കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് അമേഠിയില്‍ പരാജയപ്പെടുമെന്ന പേടികൊണ്ടാണെന്ന ബിജെപിയുടെയും ആരോപണങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. അമേഠിയില്‍ പരാജയപ്പെടുമെന്ന ഒരു ആശങ്കയും രാഹുല്‍ ഗാന്ധിക്കില്ലയെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
അതോടൊപ്പം അമേഠിയില്‍ വന്‍ ഭൂരിപക്ഷത്തോടെ തന്നെ രാഹുല്‍ ഗാന്ധി വിജയിക്കുമെന്ന് ഉറപ്പാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസിനും യുപിഎയ്ക്കും വലിയ പിന്തുണ തന്നിട്ടുള്ള മണ്ണാണ് ദക്ഷിണേന്ത്യയെന്നും രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍ കൂടി മത്സരിച്ചാല്‍ അത് ഇവിടുത്തെ ജനങ്ങള്‍ക്കിടയില്‍ വലിയ ആവേശമുണ്ടാക്കുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ദക്ഷിണേന്ത്യയില്‍ ഒരു മണ്ഡലത്തില്‍ കൂടി മത്സരിക്കണമെന്ന് കേരളം, തമിഴ്നാട്. കര്‍ണാടക സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് കമ്മിറ്റികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വയനാട് മണ്ഡലത്തില്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വ ചര്‍ച്ചകള്‍ നടക്കുന്നതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
Discussion about this post