തിരുവനന്തപുരം: 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സജീവമല്ലാതിരുന്ന ഫേസ്ബുക്കിലേക്ക് കരുത്തോടെ തിരിച്ചെത്തിയിരിക്കുകയാണ് വിഎസ് അച്യുതാനന്ദന്. അന്നത്തെ പോലെ തന്നെ വാക്കുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒട്ടും മൂര്‍ച്ച കുറഞ്ഞിട്ടില്ലെന്ന് പോസ്റ്റ് ചെയ്ത കുറിപ്പ് തെളിയിക്കുന്നു. രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ മാറി നില്‍ക്കാനാകില്ലെന്ന് വിഎസ് തിരിച്ചറിഞ്ഞിരിക്കുകയാണ്.
എല്‍ഡിഎഫ് വന്‍ വിജയം നേടിയ 2016 നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യല്‍മീഡിയയിലെ വിഎസിന്റെ സാന്നിധ്യം മുന്നണിക്ക് വലിയ കരുത്താണ് നല്‍കിയത്. അദ്ദേഹത്തിന്റെ ഓരോ പോസ്റ്റും സോഷ്യല്‍മീഡിയ വലിയ പ്രാധാന്യത്തോടെയാണ് ഏറ്റെടുത്തത്. എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപീകരണത്തിനു ശേഷം വിഎസ് ഫേസ്ബുക്കില്‍ സജീവമായിരുന്നില്ല.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനവും എത്തിയതോടം വിഎസും പോരാളിയായി തിരിച്ചെത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും കേന്ദ്ര സര്‍ക്കാരിനേയും കണക്കറ്റ് വിമര്‍ശിക്കുന്ന വിഎസ് രാജ്യത്തെ മുഴുന്‍ വില്ക്കുന്നതിനു മുമ്പ് ഈ മോഡി രാജില്‍ നിന്നും രാജ്യത്തെ രക്ഷിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു. മോഡി രാജ്യത്തെ സാമ്രാജ്യത്വ മൂലധന ശക്തികള്‍ക്കും ശിങ്കിടി മുതലാളിമാര്‍ക്കും വിറ്റുകൊണ്ടിരിക്കുകയാണ് എന്ന് അദ്ദേഹം വിമര്‍ശിക്കുന്നു
വിഎസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
നരേന്ദ്രമോദിയും സംഘവും ഇന്ത്യയെ സാമ്രാജ്യത്വ മൂലധനശക്തികള്‍ക്കും ശിങ്കിടി മുതലാളികള്‍ക്കും വിറ്റുകൊണ്ടിരിക്കുകയാണ്. തകരുന്ന സമ്പദ് വ്യവസ്ഥയുടെയും കൊടികുത്തി വാഴുന്ന അഴിമതിയുടേയും കെടുകാര്യസ്ഥതയുടെയും വിള്ളലുകളിലൂടെ, ഫിനാന്‍സ് മൂലധന ശക്തികള്‍ കടന്നു കയറി അധികാരമുറപ്പിക്കുകയാവും ഫലം. നൂറ്റാണ്ടുകള്‍ അടിമത്തത്തിലായിരുന്ന നമ്മുടെ രാജ്യം പൊരുതി നേടിയ സ്വാതന്ത്ര്യം പോലും അപകടത്തിലായിരിക്കുന്നു. മത ജാതി വൈരങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പടര്‍ത്തുന്ന വര്‍ഗ്ഗീയ വിഷം ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നു തന്നെ വമിക്കുന്ന സ്ഥിതിയാണുള്ളത്.
രാജ്യം പൂര്‍ണ്ണമായി വില്ക്കപ്പെടുന്നതിന് മുമ്പ്, തകര്ക്കപ്പെടുന്നതിനു മുമ്പ് , മോദി രാജില്‍നിന്ന് സ്വാതന്ത്ര്യം നേടാനുള്ള നിര്‍ണ്ണായക പോരാട്ടമായി ഈ ലോക്സഭാ തെരഞ്ഞെടുപ്പിനെ നാം കാണണം.
Discussion about this post