ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകിയേക്കും. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആണ് അന്തിമ തീരുമാനമെടുക്കുക. മത്സരിക്കാനില്ലെന്ന നിലപാട് മുതിര്‍ന്ന നേതാക്കള്‍ ആവര്‍ത്തിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. അടൂര്‍ പ്രകാശിനെയാണ് ആലപ്പുഴയിലേയ്ക്ക് പരിഗണിക്കുന്നത്.
ഇന്നാദ്യമായാണ് സ്ഥാനാര്‍ത്ഥിപ്പട്ടികയ്ക്ക് അന്തിമ രൂപം കണ്ടെത്താനുള്ള സ്ക്രീനിംങ് കമ്മിറ്റി യോഗം ചേരുന്നത്. രാവിലെ പത്ത് മണിക്കാണ് യോഗം. നാളെ അഹമ്മദാബാദില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗവും ചേരും. അതിന് ശേഷമാണ് രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് വരിക. മാര്‍ച്ച് 15 ന് ശേഷമായിരിക്കും രാഹുല്‍ ഗാന്ധിയ്ക്ക് കേന്ദ്ര തെരെഞ്ഞടുപ്പ് സമിതി ചേരാനാവുക. അതിന് മുമ്പ് സ്ക്രീനിംങ് കമ്മിറ്റി പട്ടിക സംബന്ധിച്ച അന്തിമരൂപം ഉണ്ടാക്കും. പട്ടിക സംബന്ധിച്ച തീരുമാനം 15 നോ 16 നോ ആയിരിക്കും വരിക.
നിലവില്‍ തയ്യാറാക്കിയ പട്ടികയില്‍ പലയിടത്തും മുതിര്‍ന്ന നേതാക്കളുടെ പേര് ഉള്‍പ്പെടുത്തിയിട്ടിട്ടുണ്ട്. എന്നാല്‍, കെ സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്, കെ സുധാകരന് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഇപ്പോഴും മത്സരിക്കാനില്ലെന്ന നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ്. മുതിര്‍ന്ന നേതാക്കള്‍ മത്സരിച്ചില്ലെങ്കില്‍ തിരിച്ചടി ഉണ്ടാകുമെന്ന വിഷയം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കും.
Discussion about this post