തിരുവനന്തപുരം: ഇനി രോഗികളെ റോഡിലൂടെ സ്ട്രക്ചറില്‍ ഉരുട്ടേണ്ട. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്കായി ഇലക്ട്രിക് ആംബുലന്‍സ് ഓടിത്തുടങ്ങി. ആശുപത്രിക്കുളളില്‍ രോഗികളെ വാര്‍ഡുകളിലെത്തിക്കുന്നതിനും പരിശോധനാ കേന്ദ്രങ്ങളിലും ആംബുലന്‍സ് എത്തിക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായാണ് ഇങ്ങനെയൊരു ആംബുലന്‍സ് സമവിധാനമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറും അത്യാഹിത വിഭാഗത്തിന് മുന്നില്‍ ഈ ഇലക്ട്രിക് ആംബുലന്‍സ് തയ്യാറായിരിക്കും. ആശുപത്രിയിലെ എല്ലാ വാര്‍ഡുകളിലേക്കും നടന്ന് പോകാന്‍ കഴിയാത്ത രോഗികളെ എത്തിക്കുന്നത് ഇനി ഇലക്ട്രിക് ആംബുലന്‍സിലാവും. ഗുരുതരാവസ്ഥയിലുളള രോഗികളെ സ്കാനിങ്ങിനും എക്സറേ എടുക്കുന്നകിനും ആംബുലന്‍സില്‍ എത്തിക്കും. രോഗിക്ക് കിടന്ന് യാത്രചെയ്യുന്നതിന് സ്ട്രക്ച്ചറും ആംബുലന്‍സില്‍ ക്രമീകരിച്ചിട്ടുണ്ട്. ഡ്രൈവറും രോഗിയും കൂട്ടിരിപ്പുകാരുമുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഇതില്‍ സുഖമായി യാത്ര ചെയ്യാം.
ഓക്സിജനും ട്രിപ്പും ഫസ്റ്റ് എയിഡുമെല്ലാം സാധാരണ ആംബുലന്‍സിലുളള പോലെ ഇതിലും ഉണ്ടാവും. ഏഴ് മണിക്കൂര്‍ ചാര്‍ജ്ജ് ചെയ്താല്‍ 24 മണിക്കൂര്‍ ആംബുലന്‍സ് പ്രവര്‍ത്തിക്കും. മധുരയിലെ സ്വകാര്യ കമ്പനിയാണ് ആംബുലന്‍സിന്റെ നിര്‍മ്മാതാക്കള്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 4.20 ലകഷം മുടക്കിയാണ് ആംബുലന്‍സ് എത്തിച്ചത്. 24 മണിക്കുറും ഇതിന്റെ സേവനം ലഭിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Discussion about this post