ഇസ്ലാമാബാദ്: പാകിസ്താനില്‍ ജയ്‌ഷെ മുഹമ്മദ് എന്ന സംഘടന ഇല്ലെന്ന് പാക് സൈനിക വക്താവ്. കാശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വംഏറ്റെടുത്ത ജയ്‌ഷെ മുഹമ്മദ് പാകിസ്താനില്‍ ഇല്ലെന്നാണ് പാക് സൈനിക വക്താവ് പറയുന്നത്.
ഫെബ്രുവരി 14 ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് സൈനികരാണ് വീരമൃത്യു വരിച്ചത്. ഇരു രാജ്യങ്ങള്‍ക്കിടയിലെ സാഹചര്യങ്ങള്‍ വഷളാവുന്നതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന ഇന്റര്‍ സര്‍വ്വീസ് പബ്ലിക് റിലേഷന്‍ മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍. അതിര്‍ത്തിയിലെ സാഹചര്യം പതിവുള്ളതാണെന്നും ആസിഫ് ഗഫൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ സമൂഹമാധ്യമങ്ങളിലും മറ്റും ജയ്‌ഷെ തലവന്‍ മസൂദ് അസര്‍ മരിച്ചെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. വൃക്കയ്ക്ക് രോഗം ബാധിച്ച മസൂദ് അസര്‍ തീരെ അവശനിലയിലാണെന്നും എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്നും പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി തന്നെ വെളിപ്പെടുത്തിയിരുന്നു.
പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവന്‍ പൊലിഞ്ഞ ഭീകരാക്രമണത്തിനു പിന്നില്‍ ജയ്‌ഷെ മുഹമ്മദ് ആണെന്നതിന് വ്യക്തമായ തെളിവില്ലെന്ന വാദവുമായി ഷാ മുഹമ്മദ് ഖുറേഷി നേരത്തെയെത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് തൊട്ടു പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്‌ഷെ മുഹമ്മദ് സ്വയം ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇത് തള്ളിക്കൊണ്ടായിരുന്നു പാക് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന വന്നത്.
Discussion about this post