ന്യൂഡല്‍ഹി: അയോധ്യാ തര്‍ക്ക ഭൂമി വിഷയത്തില്‍ മധ്യസ്ഥരെ നിയമിക്കുന്നത് സംബന്ധിച്ച കേസ് വിധിപറയാന്‍ സുപ്രീം കോടതി മാറ്റി. മധ്യസ്ഥ ശ്രമത്തെ ഹിന്ദു സംഘടനകള്‍ കോടതിയില്‍ എതിര്‍ക്കുകയും മുസ്ലിം സംഘടനകള്‍ മധ്യസ്ഥ ശ്രമത്തെ അനുകൂലിക്കുകയും ചെയ്തു. ആരൊക്കെയാണ് മധ്യസ്ഥരായി വേണ്ടത് എന്നതു സംബന്ധിച്ച് കക്ഷികള്‍ക്ക് കോടതിയില്‍ പട്ടിക നല്‍കാമെന്നും കോടതി വ്യക്തമാക്കി.
ക്ഷേത്രം പണിയുന്നതില്‍നിന്ന് പിന്നോട്ടു പോകാന്‍ തയ്യാറാല്ലെന്നും പള്ളി നിര്‍മ്മാണത്തിന് മറ്റൊരു സ്ഥലം നല്കാന് തയ്യാറാണെന്നും ഹിന്ദു സംഘടനകള്‍ കോടതിയെ അറിയിച്ചു. അതേസമയം, ഹിന്ദു സംഘടനകള്‍ എതിര്‍ത്താലും മധ്യസ്ഥ ശ്രമത്തിന് സുപ്രീം കോടതി ഉത്തരവിടണം എന്നായിരുന്നു മുസ്ലിം സംഘടനകള്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.
ഇതോടെ, മധ്യസ്ഥ ശ്രമം തുടങ്ങും മുമ്പുതന്നെ അത് പരാജയപ്പെടും എന്നാണോ പറയുന്നതെന്ന് ജസ്റ്റിസ് എസ്എ ബോബ്ദെയും ഡിവൈ ചന്ദ്രചൂഢും അശോക് ഭൂഷണും എസ്എ നസീറും അടങ്ങുന്ന ബെഞ്ച് ചോദിച്ചു. അയോധ്യ വിഷയം മതപരവും വൈകാരിക വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ബാബര്‍ ചെയ്ത കാര്യങ്ങളില്‍ ഒരു പങ്കും നമുക്കില്ലെന്നും പറഞ്ഞു.
നിലവിലുള്ള പ്രശ്നം പരിഹരിക്കുന്നതിന് എന്തുചെയ്യാനാവും എന്നതാണ് കോടതി പരിഗണിക്കുന്നത്. മറ്റുള്ളവരേക്കാള്‍ കൂടുതല്‍ വിശ്വാസികളാണ് നിങ്ങളെന്ന് കരുതരുതെന്നും കോടതി പറഞ്ഞു. മധ്യസ്ഥതയ്ക്ക് രഹസ്യ സ്വഭാവം ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി. മധ്യസ്ഥ ശ്രമങ്ങള്‍ തുടങ്ങിയാല്‍ അത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും കോടതി വിലക്കി.
ഇരുവിഭാഗങ്ങളുടേയും വാദങ്ങള്‍ കേട്ട് വൈകാരികമായ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ആരേയും മുറിപ്പെടുത്താതെയുള്ള തീരുമാനമാണ് ഉചിതം. അതിനാല്‍ മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Discussion about this post