ന്യൂഡല്‍ഹി: പാകിസ്താനിലെ ബാലാക്കോട്ടിലെ ഭീകരക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷം പാകിസ്താനെ പ്രതിനിധീകരിച്ച് സംസാരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തന്നെ വിമര്‍ശിച്ച് പാകിസ്താന്റെ കൈയ്യടി മേടിക്കാനും ഇവര്‍ക്ക് കഴിഞ്ഞതായി മോഡി പറഞ്ഞു. മധ്യപ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോഡി.
വ്യോമാക്രണം നടന്നത് പാകിസ്താനിലാണെങ്കിലും, കൊണ്ടത് ഇന്ത്യയിലെ ചിലര്‍ക്കാണെന്നും മോഡി പറഞ്ഞു. ബാലാക്കോട്ട് ആക്രമണം വിജയകരമാണെന്നതിന് തെളിവ് ആവശ്യപ്പെട്ട് ദിഗ് വിജയ് സിങ്ങ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇത്തരം ചോദ്യങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ കഴിവിനെ സംശയിക്കലാണെന്നായിരുന്നു മോഡിയുടെ പക്ഷം.
ലോകം മുഴുവന്‍ പാകിസ്താനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യയിലെ ചിലര്‍ ചോദ്യങ്ങള്‍ ചോദിച്ച് പാകിസ്താനെ പിന്തുണയ്ക്കുകയായിരുന്നുവെന്നും മോഡി ആരോപിച്ചു. ‘പാകിസ്താന് അവരുടെ ശബ്ദം നഷ്ടപ്പെട്ടിരുന്നു. അന്താരാഷ്ട്ര തലത്തിലും അവര്‍ ഒറ്റപ്പെട്ടും. എന്നാല്‍ ഇന്ത്യയിലെ ചില ആളുകള്‍ ആക്രമണത്തിന്റെ തെളിവും, കൊല്ലപ്പെട്ട തീവ്രവാദികളുടെ കണക്കും ആവശ്യപ്പെട്ട് പാകിസ്താനെ രക്ഷിക്കുന്നതിന്റെ തിരക്കിലായിരുന്നു’- മോഡി പറഞ്ഞു.
Discussion about this post