ഇസ്ലാമാബാദ്: പാകിസ്താനില്‍ പിടിയിലായ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന് വര്‍ദ്ധമാനെ നാളെ വിട്ടയയ്ക്കുമെന്ന് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് അറിയിച്ചതായി വാര്‍ത്താ എജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സമാധാന സന്ദേശം എന്ന നിലയിലാണ് പൈലറ്റിനെ മോചിപ്പിക്കുന്നത്.
പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് ഇമ്രാന്ഖാന് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യ ചെലുത്തിയ ശക്തമായ നയതന്ത്ര സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് അഭിനന്ദനെ മോചിപ്പിക്കാന്‍ പാകിസ്താന് നിര്‍ബന്ധിതമായത്. പൈലറ്റിനെ ഉടന്‍ വിട്ടുകിട്ടണമെന്ന് ഇന്ത്യ ശക്തമായ നിലപാടെടുത്തിരുന്നു. ധാരണകള്‍ക്കൊന്നും ഇല്ലെന്നും പാകിസ്താനെ ഇന്ത്യ അറിയിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഫോണില്‍ വിളിച്ച് സംസാരിക്കുമെന്നും ഇമ്രാന് ഖാന് പാര്‍ലമെന്റിനെ അറിയിച്ചു. ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നതിന് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള ആദ്യ നീക്കം എന്ന നിലയിലാണ് വൈമാനികനെ വിട്ടയയ്ക്കുന്നതെന്നാണ് സൂചന.
ഇന്നലെയാണ് അഭിനന്ദനെ പാക് സൈന്യം പിടികൂടിയത്. പാകിസ്താന്റെ പ്രകോപനം നേരിടുന്നതിനിടയിലാണ് അഭിനന്ദന് പറത്തിയ വിമാനം പാകിസ്താന് വെടിവെച്ചിടുകയും, പാകിസ്താനില്‍ ലാന്‍ഡ് ചെയ്യുകയും ചെയ്തത്. പിന്നീട് അഭിനന്ദനെ പിടികൂടിയ വീഡിയോ പാകിസ്താന് പുറത്തുവിടുകയും ചെയ്തിരുന്നു.
Discussion about this post