ന്യൂഡല്‍ഹി: പാകിസ്താനിലേക്ക് കടന്ന് കയറി ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് പാക് മാധ്യമങ്ങള്‍. അതിര്‍ത്തിയിലെ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യന്‍ വിമാനങ്ങള്‍ പറന്നുവെങ്കിലും പാക് വ്യോമസേനയുടെ പൊടുന്നനെയുള്ള പ്രത്യയക്രമണത്തില്‍ ഒന്നും ചെയ്യാനാകാതെ മടങ്ങി എന്നാണ് പാകിസ്താനിലെ പ്രമുഖ പത്രമായ ‘ദി ഡോണ്‍’ റിപ്പോര്‍ട്ട് ചെയ്തത്.
വിമാനങ്ങള്‍ എത്തിയെങ്കിലും പേ ലോഡ് ഒഴിഞ്ഞ പ്രദേശങ്ങളില്‍ ഉപേക്ഷിച്ച ശേഷം കടന്നു എന്നാണ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. പാക് വ്യോമസേനാ പെട്ടെന്ന് പ്രത്യാക്രമണം നടത്തി, ഇന്ത്യന്‍ സംഘം മടങ്ങി, ട്വീറ്റില്‍ മേജര്‍ ജനറല്‍ പറയുന്നു.
ബാലകോട്ട് എന്ന സ്ഥലത്താണ് പേ ലോഡ് ഉപേക്ഷിച്ചതത്രെ. പാക് അതിര്‍ത്തിക്കുള്ളിലേക്ക് മൂന്നോ നാലോ മൈല്‍ മാത്രമാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് എത്താന്‍ കഴിഞ്ഞതെന്നുമാണ് പാക് മാധ്യമങ്ങളള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒരു മരണം പോലും ഉണ്ടായിട്ടില്ല എന്നുമാണ് പത്രത്തിന്റെ റിപ്പോര്‍ട്ട്. പാകിസ്താനിലെ എന്നല്ല, ലോകത്തെ പ്രമുഖ പത്രങ്ങള്‍ പലതും പാകിസ്താന് അനുകൂലമായ റിപ്പോര്‍ട്ടുകളാണ് ഇക്കാര്യത്തില്‍ നല്‍കിയിരിക്കുന്നത്.
Discussion about this post