വെംബ്ലി: ഇംഗ്ലീഷ് ലീഗ് കപ്പ്-കാര്‍ബാവോ കപ്പില്‍ മുത്തമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി. ആവേശകരമായ മല്‍സരത്തില്‍ ചെല്‍സിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്താണ് സിറ്റി തുടര്‍ച്ചയായ രണ്ടാം കിരീടം നേടിയത്. 120 മിനുറ്റ് കളിച്ചു വിയര്ത്തിട്ടും ഇരു കൂട്ടര്‍ക്കും പന്ത് വലയിലെത്തിക്കാനായില്ല. സിറ്റിക്കായി അഗ്യുറോ പന്ത് വലയിലെത്തിച്ചെങ്കിലും അത് ഓഫ്സൈഡ് കെണിയില്‍ പെടുകയായിരുന്നു. തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലെത്തിയത്. സിറ്റിക്ക് അനായാസ ജയം പ്രതീക്ഷിച്ച മത്സരത്തില്‍ ചെല്‍സി പൊരുതി നോക്കിയെങ്കിലും ഭാഗ്യം അവരെ തുണച്ചില്ല.
മത്സരത്തിലുടനീളം ഇരു ടീമുകള്‍ക്കും കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെ, പെനാല്‍റ്റിയിലേക്ക് നീങ്ങും എന്നുറപ്പായതോടെ സാരി പരിക്കുള്ള കെപ്പയെ മാറ്റി കാബലേറോയെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും കെപ്പ പിന്‍വാങ്ങാന്‍ തയ്യാറാവാതിരുന്നത് സാരിയെ അലോസരപ്പെടുത്തുകയും ചെയ്തു.
Maurizio Sarri tries to substitute Kepa Arrizabalaga for Willy Caballero, but Kepa refuses to come off. have you ever seen this before ? #CHEMCI pic.twitter.com/JguiHoAnZR
— FC Highlights (@thefchighlights) February 24, 2019
പെനാല്‍റ്റി ഷൂട്ട്ഔട്ടില്‍ ചെല്‍സിയുടെ ജോര്‍ജിഞൊ, ഡേവിഡ് ലൂയിസ് എന്നിവര്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതോടെ സിറ്റിക്ക് ജയം സ്വന്തമായി. സിറ്റിയുടെ സാനെയുടെ ഷോട്ട് കെപ്പ തടുത്തെങ്കിലും ഫലമുണ്ടായില്ല. അവസാന കിക്കെടുത്ത റഹിം സ്റ്റെര്‍ലിങ് പന്ത് വലയിലെത്തിച്ചതോടെ സിറ്റി ജയിച്ചു കയറി.
അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരം ഗോള്‍ രഹിതമായി അവസാനിച്ചു. ഇതോടെ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും തമ്മിലുള്ള കിരീട പോരാട്ടം കനത്തു. സിറ്റിയെ വെട്ടിച്ച് ഒരു പോയന്റ് വ്യത്യാസത്തില്‍ ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തേക്ക് കയറി.
Discussion about this post