ബംഗളൂരു: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരുവിലെ വിവാദമായ ബേക്കറിയ്ക്കെതിരെ പ്രതിഷേധം രൂക്ഷമായതോടെ പരസ്യ പ്രസ്താവനയിറക്കി ബേക്കറിയുടമ. ‘കറാച്ചി’ എന്ന പേരുള്ള ബേക്കറിയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
അതേസമയം, തങ്ങളുടെ രാജ്യസ്നേഹം വ്യക്തമാക്കി ബേക്കറിയുടമ രംഗത്തെത്തി, തങ്ങള്‍ക്ക് പാകിസ്താന് നഗരമായ കറാച്ചിയുമായി യാതൊരു ബന്ധവുമില്ലെന്ന് പരസ്യ പ്രസ്താവനയിറക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് ബേക്കറിക്ക് മുന്നിലെ കറാച്ചി എന്നെഴുതിയ ബോര്‍ഡ് ജീവനക്കാര്‍ നീക്കി. കൂടാതെ ബേക്കറിക്ക് മുന്നില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കുകയും ചെയ്തതായി ബേക്കറി ഉടമ പറഞ്ഞു. ബേക്കറിയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അധികൃതര്‍ വിശദീകരണവുമായി എത്തിയത്.
കറാച്ചി എന്നത് പാകിസ്താനിലെ ഒരു നഗരത്തിന്റെ പേരാണെന്നും രാജ്യസ്നേഹം വേണമെന്നും പറഞ്ഞ് നിരവധിയാളുകള്‍ കടയ്ക്ക് മുന്നില്‍ തടിച്ച് കൂടുകയായിരുന്നു. ഇന്ദിരാനഗര്‍ 100 ഫീറ്റ് റോഡിലെ ബേക്കറിയില്‍ വെള്ളിയാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം.
ഇന്ത്യാ വിഭജന സമയത്ത് ഇന്ത്യയിലേക്ക് കുടിയേറി താമസിച്ച ഖാന്‍ചന്ദ് രാംനനി എന്നയാളാണ് കറാച്ചി ബേക്കറി ആരംഭിച്ചത്. 1953ല്‍ ആരംഭിച്ച ബ്രാന്‍ഡിന് ഹൈദരാബാദിലും തെലങ്കാനയിലും ശാഖകളുണ്ട്. ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച സ്നേഹവും സ്വീകാര്യതയും ഇന്ത്യയിലും വിദേശത്തും ഒരുപോലെ ബേക്കറിയുടെ വളര്‍ച്ചക്ക് കാരണമായി.
ഫ്രൂട്ട് ബിസ്കറ്റ്, പ്ലം കേക്ക് എന്നിവയ്ക്ക് പ്രശസ്തമാണ് കറാച്ചി ബേക്കറി. ആദ്യത്തെ കറാച്ചി ബേക്കറി സ്ഥാപിക്കപ്പെട്ടത് ഹൈദരാബാദിലെ മൗസം ജാഹി മാര്‍ക്കറ്റിലായിരുന്നു.
ഹൃദയം കൊണ്ട് കറാച്ചി ബേക്കറിയുടെ അന്തസത്ത ഇന്ത്യനാണ്, അതെന്നും അങ്ങനെ തന്നെ നിലനില്‍ക്കുമെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു. മറ്റെന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതൊഴിവാക്കണമെന്നും ബേക്കറി അധികൃതര്‍ ആവശ്യപ്പെട്ടു.
ബേക്കറി നടത്തുന്നത് പാകിസ്താന്‍കാരാണെന്ന് കരുതിയാണ് പ്രതിഷേധക്കാരെത്തിയത്. ഇരുപതോളം പേര് ബേക്കറിക്ക് മുമ്പിലെത്തി പ്രതിഷേധിച്ചെങ്കിലും കടയ്ക്ക് നേരെ ആക്രമണം നടത്തുകയോ നാശനഷ്ടങ്ങള്‍ വരുത്തുകയോ ചെയ്തിട്ടില്ല.
#KarachiBakery pic.twitter.com/S5KHB7Nm0b
— Karachi Bakery (@KarachiBakery) 23 February 2019
Discussion about this post