കാശ്മീര്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വ്യാപക അക്രമം. കാശ്മീരികളായ മുസ്ലീം യുവാക്കളാണ് കൂടുതലായും ആക്രമണത്തിന് ഇരയാകുന്നത്. ഇതിനു പിന്നാലെ ഹൈദരാബാദില്‍ മുസ്ലീം യുവാവിന് നേരെ ആള്‍കൂട്ട മര്‍ദ്ദനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കാശ്മീരികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുകള്‍ ജാഗ്രത പാലിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം വന്നതിന് പിന്നാലെയാണ് മുസ്ലീം യുവാവിന് മര്‍ദ്ദനമേറ്റത്.
ഹൈദരാബാദിലെ സിതാരബാഗില് നമസ്കരിക്കാനായി പള്ളിയില്‍ പോകുന്നതിനിടെ ഷെയ്ഖ് മുഹമ്മദ് ജാഫര്‍ എന്ന 28 കാരനാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. നമസ്കാരത്തിനായി തൊപ്പി ധരിച്ചിരുന്ന ഇയാളെ ഇക്കാരണം കൊണ്ട് തടഞ്ഞു നിര്‍ത്തുകയും ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ജാഫര്‍ പാകിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന് പറഞ്ഞാണ് മര്‍ദ്ദനം തുടങ്ങിയത്.
സംഭവത്തെ തുടര്‍ന്ന് ജാഫര്‍ ഹബീബ് നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. താന്‍ പാകിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നും ജാഫര്‍ വ്യക്തമാക്കി. പുല്‍വാമ ആക്രമണത്തില്‍ പ്രതിഷേധിച്ച് റാലി നടത്തിയവരാണ് ജാഫറിനെ അക്രമിച്ചത്. അതേസമയം, സംഭവം റോഡ് ആകസിഡന്റിന്റെ പേരിലുണ്ടായ വാക്കുതര്‍ക്കമാണെന്നാണ് പോലീസ് പറയുന്നത്.
Discussion about this post