അടിമാലി: കേരളത്തെ ഒന്നടങ്കം തൂത്തുവാരിയ മഹാ പ്രളയത്തില്‍ വീട് തകര്‍ന്നു, തുടര്‍ന്ന് സഹായം ലഭിക്കാനായി ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്കാന് വീട്ടുടമ വൃക്ക വില്‍ക്കുന്നു. വൃക്ക വില്പനയ്ക്കെന്ന പരസ്യം സ്വന്തം വീടിന്റെ ഭിത്തിയില്‍ കരിക്കട്ട കൊണ്ട് എഴുതിവച്ചിരിക്കുകയാണ് ഈ വൃദ്ധന്. വെള്ളത്തൂവല്‍ പന്ത്രണ്ടാം വാര്‍ഡ് മുസ്ലിംപള്ളിപ്പടിക്കു സമീപം തണ്ണിക്കോട്ട് ജോസഫാണ് ചുമരില്‍ എഴുതിയത്..
”ദുരന്തത്തില്‍ മൂന്നു മുറികള്‍ തകര്‍ന്ന വീട്. കൈക്കൂലി കൊടുക്കാത്തതിനാല്‍ ഒരു സഹായവും കിട്ടിയില്ല. അതിനു പണം ഉണ്ടാക്കാന്‍ വൃക്ക വില്പനയ്ക്ക്.” എന്നായിരുന്നു കരളലിയിപ്പിക്കുന്ന വാചകം.
40 സെന്റ് ഭൂമിയിലാണ് ജോസഫിന്റെ വീട്. തകര്‍ന്ന വീട്ടിലെ ശേഷിക്കുന്ന ഒരു മുറിയിലാണു ഇപ്പോള്‍ ജോസഫും ഭാര്യ ആലീസും കഴിയുന്നത്. നേരത്തെ വീടിന്റെ 2 മുറികള്‍ വാടകയ്ക്കു കൊടുത്തിരുന്നു. ഇങ്ങനെ കിട്ടുന്ന കാശായിരുന്നു ആകെ ഉള്ള വരുമാനമാര്‍ഗം.
കളക്ടറേറ്റിലും പഞ്ചായത്തിലും ചെന്നെങ്കിലും സഹായം ലഭിച്ചില്ല. കൈക്കൂലി കൊടുക്കാത്തതിനാല്‍ സഹായം കിട്ടിയില്ലെന്നാണു ജോസഫിന്റെ പരാതി.
വീടിന്റെ നാശനഷ്ടം സംബന്ധിച്ചു ജില്ലാ ഭരണകൂടത്തിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും വീടിന്റെ പിന്നിലേക്ക് ഇടിഞ്ഞുവീണ മണ്ണ് തൊഴിലുറപ്പു പദ്ധതിയില്‍ പെടുത്തി നീക്കിയെന്നും പഞ്ചായത്ത് പ്രസിഡന്റ് ടിആര്‍ ബിജി പറഞ്ഞു.
Discussion about this post