തിരുവനന്തപുരം: ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തിയ സിബിഐ നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുറ്റപത്രത്തിന് പിന്നില്‍ രാഷ്ട്രീയ കളിയാണ്. കുറ്റപത്രം ബിജെപി- കോണ്‍ഗ്രസ് ഗൂഢാലോചനയാണെന്നും കോടിയേരി ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പോലീസ് നേരത്തെ തള്ളിയതാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
കുറ്റപത്രത്തെ വിമര്‍ശിച്ച് സിപിഎമ്മും രംഗത്ത് വന്നിരുന്നു. കുറ്റപത്രം രാഷ്ട്രീയ പ്രേരിതമാണ്. പുതിയ തെളിവുകള്‍ ഇല്ലാതെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതെന്ന് സിപിഎം വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു കൊണ്ടാണ് സിബിഐ ഇത്തരമൊരു രാഷ്ട്രീയക്കളി നടത്തിയത്. രാഷ്ട്രീയമായി സിബിഐയെ ദുരുപയോഗം ചെയ്യുകയാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും സിപിഎം വ്യക്തമാക്കി.
എംഎസ്എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെടുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ 32 ആം പ്രതിയാക്കി കൊലക്കുറ്റമാണ് സിബിഐ ചുമത്തിയിരിക്കുന്നത്. 320, 120 ബി വകുപ്പുകളാണ് ജയരാജനെതിരെ ചുമത്തിയിട്ടുള്ളത്. 33-ാം പ്രതിയാക്കിയ ടിവി രാജേഷ് എംഎല്‍എക്കെതിരെ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്. തലശ്ശേരി കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
Discussion about this post