കായംകുളം: അച്ഛന്റെ അകാല വിയോഗം തളര്‍ത്തിയിട്ടും, മകന് കമ്മ്യൂണിസ്റ്റുകാരനായ പിതാവിന് ഉചിതമായ യാത്രയയപ്പ് നല്‍കിയത് കണ്ടുനിന്നവരെ പോലും കണ്ണീരിലാഴ്ത്തി. വിറയ്ക്കുന്ന കരങ്ങളോടെ ദുഖഭാരം പേറി ചിതയ്ക്ക് തീ കൊളുത്തി അഭിജിത് ഉറക്കെ വിളിച്ചു ‘റെഡ് സല്യൂട്ട്..റെഡ് സല്യൂട്ട്..ഇങ്ക്വിലാബ് സിന്ദാബാദ്’!
കായംകുളം നഗരസഭ പന്ത്രണ്ടാം വാര്‍ഡംഗവും സിപിഎം പെരിങ്ങാല ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എരുവ വല്ലാറ്റൂരില്‍ വിഎസ് അജയന്റെ(52) മരണാനന്തര ചടങ്ങിനിടെയായിരുന്നു സംഭവം. അജയന് സഖാവായതിനാല്‍ ചിതയെയരിഞ്ഞു തുടങ്ങുമ്പോള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് അവരുടെ സ്നേഹാദരം അറിയിക്കുകയായിരുന്നു. ഉളളിലിരമ്പുന്ന കടലുമായി മുദ്രാവാക്യങ്ങള്‍ക്കു നടുവില്‍ ആ മകന് ചിതയ്ക്കു മുന്നില്‍ മൗനമായി നിന്നു. ഇതിനിടെ, സഹപ്രവര്‍ത്തകര്‍ ലാല്‍ സലാം ചൊല്ലി മുദ്രാവാക്യം നിര്‍ത്തിയതും ഒരു നിമിഷത്തെ മൗനം ഭഞ്ജിച്ച് ചിതയില്‍ തീ പടരുന്നതോടെ പൊടുന്നനെ തൊണ്ട പൊട്ടുമാറുച്ചത്തില്‍ മകന് അഭിജിത്ത് ഉറക്കെ മുദ്രാവാക്യം വിളിച്ച് ആദരാഞ്ജലി അര്‍പ്പിക്കുകയായിരുന്നു.
‘ഇങ്ക്വിലാബ് സിന്ദാബാദ്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട് കോമറേഡ്…’
ചിതയ്ക്ക് മുന്നില്‍ നിന്നവരും അതേറ്റു വിളിച്ചു; സഖാവായ അച്ഛന് മകന്റെ അന്ത്യയാത്രാമൊഴി
ഏതു മുദ്രാവാക്യത്തിന്റെയും അവസാനമെന്ന പോല്‍
മൂന്നു തവണ അവന് ഇങ്ക്വിലാബ് വിളിച്ചു.
ഈങ്ക്വിലാബ്, ഈങ്ക്വിലാബ്, ഈങ്ക്വിലാബ് സിന്ദാബാദ്.
അതുവരെ ഇടറാത്ത ആ സ്വരം അപ്പോഴിടറി. ഏറ്റുവിളിച്ചവരുടെ മനസും ശബ്ദവും ഇടറി. മകന്റെ യാത്രാമൊഴിക്ക് പ്രത്യാഭിവാദ്യമായി ആ ചിതയില്‍ നിന്നൊരു ഈങ്ക്വിലാബ് മുഴങ്ങിയിട്ടുണ്ടാവണം.
അച്ഛന് കായംകുളം നഗരസഭ പന്ത്രണ്ടാം വാര്‍ഡംഗവും സിപിഎം പെരിങ്ങാല ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എരുവ വല്ലാറ്റൂരില്‍ വിഎസ് അജയന് കായംകുളം സെന്‍ട്രല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സ്ഥലം ഏറ്റെടുക്കുന്നതിനെ ചൊല്ലി നഗരസഭാ കൗണ്‍സില്‍ യോഗത്തിലുണ്ടായ സംഘര്‍ഷത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഇതിനിടെ ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വ്യാഴാഴ്ച വെളുപ്പിന് മരിച്ചു. ഇന്ന് വൈകിട്ട് നാല് മണിയോടെ വീട്ടുവളപ്പിലായിരുന്നു അജയന്റെ മൃതദേഹം സംസ്ക്കരിച്ചത്. എസ്എഫ്ഐ പ്രവര്‍ത്തകനും ആലപ്പുഴ കാര്‍മല്‍ പോളിടെക്നിക്കിലെ വിദ്യാര്‍ത്ഥിയുമാണ് മകന് അഭിജിത്.
Discussion about this post