സുഗന്ധം കൊണ്ടും ഭംഗി കൊണ്ടും ആരെയും ആകര്‍ഷിക്കുന്നതാണ് പനിനീര് പൂക്കള്‍. ലോകത്ത് വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന മനോഹര പുഷ്പങ്ങളില്‍ ഒന്നാണ് റോസപ്പൂവ് എന്നും വിളിക്കപ്പെടുന്ന പനിനീര്‍പ്പൂവ്.
പനിനീര് കണ്ണിലുണ്ടാകുന്ന ചില അസുഖങ്ങള്‍ക്കു പ്രതിവിധിയായും, സുഗന്ധ ലേപനമായും പരമ്പരാഗതമായി ഉപയോഗിച്ചിരുന്നു. ഒരുകാലത്ത് പ്രണയ സമ്മാനമായി ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്നത് പനിനീര് പൂക്കളെയായിരുന്നു.
വിവിധ നിറങ്ങളിലും ഭാവങ്ങളിലും വലിപ്പത്തിലും കാണപ്പെടുന്ന ഈ പുഷ്പങ്ങള്‍ സ്നേഹത്തിന്റെയും പ്രണയത്തിന്റെയും പ്രതീകമായാണ് കാണുന്നത്. ഒന്നു ശ്രമിച്ചാല്‍ മനോഹരമായ പനിനീര്‍ത്തോട്ടം വീട്ടുവളപ്പില്‍ ഉണ്ടാക്കാം.
പനിനീര്‍ച്ചെടി എങ്ങനെ നടാം
ചെടിയില്‍ നിന്നും മുറിച്ച തണ്ടുകള്‍ തറയില്‍ നേരിട്ട് നട്ടുവളര്‍ത്തുകയോ ചെടിച്ചട്ടികളില്‍ നടുകയോ ചെയ്യാം. സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന സ്ഥലങ്ങളില്‍ ചെടി നല്ലതുപോലെ വളരും. കൂടാതെ നീര് വാഴ്ചയുള്ള സ്ഥലവും ആയിരിക്കണം ചെടി നടുന്നതിനായി തിരഞ്ഞെടുക്കേണ്ടത്. ഒക്ടോബര്‍ മാസം മുതല്‍ ഡിസംബര്‍ മാസം വരെ ചെടികള്‍ നടുന്നതിന് അനുയോജ്യമായ സമയമാണ്.
ഒക്ടോബര്‍ ഡിസംബര്‍ മാസങ്ങളില്‍ കൊമ്പുകോതല്‍ നടത്തിയാല്‍ കൂടുതല്‍ പൂക്കള്‍ ലഭിക്കും. ചെറിയ ചട്ടികളിലോ പോളിത്തീന്‍ കവറിലോ നട്ട് കിളിര്‍പ്പിച്ച തൈകളാണ് നടുന്നതിന് അനുയോജ്യം. 60 സെമീ നീളവും വീതിയും ആഴവും ഉള്ള കുഴികളില്‍ ചെടികള്‍ നടാവുന്നതാണ്.
കുഴികളില്‍ മേല്‍മണ്ണും 4കിലോ മുതല്‍ 8 കിലോ വരെ ഉണക്കിപ്പൊടിച്ച ചാണകവും ഏകദേശം 100 ഗ്രാം എല്ലുപൊടിയും ചേര്‍ത്ത് കൂട്ടിയോജിപ്പിച്ച് നിറയ്ക്കുക. തൈകള്‍ വേരുകള്‍ പൊട്ടാതെ ഇളക്കിയെടുത്ത് ഇങ്ങനെ നിറച്ച കുഴികളില്‍ നടുക. ബഡ് ചെയ്ത് കിളിര്‍പ്പിച്ച തൈകള്‍ മുകുളം മണ്ണിനു മുകളില്‍ വരത്തക്കവണ്ണമാണ് നടുന്നത്. നട്ടതിനുശേഷം നല്ലതുപോലെ നനയ്ക്കുക.
ചട്ടികളാണ് ചെടി നടുന്നതിനായി തിരഞ്ഞെടുക്കുന്നതെങ്കില്‍, അധിക ജലം പുറത്തു കളയുന്നതിലേക്കായി ചട്ടികളില്‍ രണ്ടോ മൂന്നോ ദ്വാരങ്ങള്‍ അത്യാവശ്യമാണ്. മൂന്നുഭാഗം വളക്കൂറുള്ള മേല്‍മണ്ണും, രണ്ടുഭാഗം ചാണകപ്പൊടിയും, ഒരുഭാഗം മണലും ഏകദേശം 50-75ഗ്രാം വരെ എല്ലുപൊടിയും ചേര്‍ത്താണ് ചട്ടികളിലേയ്ക്കുള്ള മിശ്രിതം നിറയ്ക്കുന്നത്. ഈ മിശ്രിതത്തില്‍ ചെടികള്‍ നടാം. നട്ടുകഴിഞ്ഞാല്‍ നനയ്ക്കേണ്ടത് അത്യാവശ്യമാണ്.
ചട്ടിയില്‍ നിറയ്ക്കുന്ന മണ്ണ് മൂന്നുമാസം കൂടുമ്പോള്‍ മാറ്റുന്നത് ചെടിയുടെ വളര്‍ച്ചക്കും വേരോട്ടത്തിനും നല്ലതാണ്. കൃത്യമായും വളപ്രയോഗം ആവശ്യമുള്ള ചെടിയാണ് ഇത്. ആദ്യത്തെ പൂവ് വിരിയുന്നതുവരെ ചാണകമോ കമ്പോസ്റ്റോ നല്‍കേണ്ടതാണ്.ആദ്യത്തെ പൂവ് വിരിഞ്ഞുകഴിയുമ്പോള്‍ 50ഗ്രാം കടലപ്പിണ്ണാക്ക് ചെടികള്‍ക്ക് നല്‍കേണ്ടതാണ്.
രണ്ടോമൂന്നോ കിലോഗ്രാം പച്ചച്ചാണകമോ നിലക്കടലപ്പിണ്ണാക്കോ 5ലിറ്റര്‍ പച്ചവെള്ളത്തില്‍ ഇട്ടുകലക്കിയെടുന്ന ലായനി ഒരുചെടിക്ക് അരലിറ്റര്‍ എന്ന് തോതില്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് നല്‍കേണ്ടതാണ്. ഇത്തരം വളപ്രയോഗങ്ങള്‍ കഴിഞ്ഞാല്‍ ചെടികള്‍ നന്നായി നനച്ചു കൊടുക്കേണ്ടതുമാണ്. മുട്ടത്തോട് പനിനീര് ചെടിയുടെ കീഴില്‍ ഇടുന്നത് പൂക്കളുടെ ഭംഗി കൂട്ടും.
Discussion about this post