തൃശ്ശൂര്‍: കേരളത്തിലെ ആനകള്‍ക്കിടയില്‍ ഏറെ പ്രശസ്തനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്. എല്ലാ ഗജലക്ഷണങ്ങളും തികഞ്ഞ ആനയായ രാമചന്ദ്രന് ആരാധകര്‍ ഏറെയാണ്. കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ വച്ച് ഏറ്റവും ഉയരമുള്ള ആനയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തന്നെ.
കേരളത്തില്‍ ‘ഏകഛത്രാധിപതി’ പട്ടമുള്ള ഏക ആനയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. എഴുന്നള്ളിപ്പിന് കോലം കയറ്റി കഴിഞ്ഞാല്‍ തിടമ്പിറക്കും വരെ തല എടുത്തുപിടിച്ചിരിക്കും എന്നതാണ് രാമന്റെ പ്രത്യേകത.
എല്ലാ ലക്ഷണശാസ്ത്രവും പേരും പ്രശസ്തിയുമൊക്കെയുണ്ടെങ്കിലും ദുഷ്പേരാണ് രാമന് അധികവും. ഉത്സവത്തിനിടെ ഇടയുന്നതിനും ആളുകളുടെ ജീവനെടുക്കുന്നതിലും രാമചന്ദ്രന് കുപ്രസിദ്ധനാണ്.
ഇന്ന് ഗുരുവായൂരിലെ ഗൃഹപ്രവേശത്തില്‍ അക്രമാസക്തനായി രണ്ടുപേരുടെ ജീവനെടുത്തതോടെയാണ് രാമചന്ദ്രന് വീണ്ടും ക്രൂരനായി വാര്‍ത്തകളില്‍ നിറയുന്നത്.
ആറ് പാപ്പാന്മാരും നാല് സ്ത്രീകളും ഒരു വിദ്യാര്‍ത്ഥിയും ഇന്ന് മരിച്ച കണ്ണൂര്‍ സ്വദേശി ബാബുവും അറയ്ക്കല്‍ വീട്ടില്‍ ഗംഗാധരനുമടക്കം 13 പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഇടഞ്ഞതിനിടെ ഇതുവരെ മരിച്ചത്. കൂടാതെ മറ്റു ആനകളെും കുത്തിപ്പരിക്കേല്‍പ്പിച്ചിട്ടുമുണ്ട്.
തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്. 1984 ലാണ് തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തില്‍ ആനയെ നടക്കിരുത്തുന്നത്. അടുത്ത അഞ്ചു കൊല്ലത്തിനിടെ ആറ് പാപ്പാന്മാരെ രാമചന്ദ്രന് കൊലപ്പെടുത്തി.
1986ല്‍ അന്നത്തെ പാപ്പാന് വാഹനമിടിച്ച് മരണപ്പെട്ടതിനെത്തുടര്‍ന്ന് എത്തിയപാപ്പാന്മാര് നല്കിയ ക്രൂരമായ ശിക്ഷയായിരുന്നു ആ അന്ധത. വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട ആനയുടെ ഇടതുകണ്ണിന്റെ സ്വാധീനവും പതുക്കെ ഇല്ലാതാകുന്ന അവസ്ഥയായിരുന്നു.
2009ല്‍ തൃശൂര്‍ കാട്ടാകാമ്പല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ച് ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ ഒരു പന്ത്രണ്ടുകാരന് മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആ വര്‍ഷം തന്നെ എറണാകുളത്തപ്പന് ക്ഷേത്രത്തില്‍ തെച്ചിക്കോട് രാമചന്ദ്രന് ഇടഞ്ഞപ്പോള്‍ ഒരു സ്ത്രീ മരിച്ചു. 2013ല്‍ പെരുമ്പാവൂര്‍ കൂത്തുമടം തൈപ്പൂയത്തിനിടെ തെച്ചിക്കോട്ട് രാമചന്ദ്രന് ഇടഞ്ഞപ്പോള്‍ പൊലിഞ്ഞത് മൂന്ന് സ്ത്രീകളുടെ ജീവനാണ്.
2011 മുതല്‍ തൃശ്ശൂര്‍ പൂരത്തിന് തെക്കേ ഗോപുരവാതില്‍ തള്ളിത്തുറക്കുന്ന ആചാരപ്രധാനമായ ചടങ്ങിന് നിയോഗിക്കുന്നത് തെച്ചിക്കോട്ട് രാമചന്ദ്രനെയാണ്. വലതുകണ്ണിന് പൂര്‍ണമായും ഇടതുകണ്ണിനു ഭാഗികമായും കാഴ്ച്ചയില്ലാത്ത ഈ ആനയെ മൃഗഡോക്ടര്‍മാരുടെ വിദഗ്ധസംഘം പരിശോധിക്കാതെ എഴുന്നള്ളത്തിന് ഉപയോഗിക്കരുതെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പൂരത്തിന് മുമ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് നിര്‍ദ്ദേശിച്ചത് അനുസരിച്ച് ആനയുടെ ആരോഗ്യനില പരിശോധിക്കാന്‍ മൂന്നംഗ മെഡിക്കല്‍ സംഘം എത്തിയെങ്കിലും പൂരസംഘാടകരുടേയും പൂരപ്രേമികളുടേയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഇവര്‍ തിരിച്ചുപോവുകയായിരുന്നു.
കേരളത്തിലെ ആനപ്രേമികളുടെ ആവേശമാണെങ്കിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ജന്മം കൊണ്ട് ഇവിടത്തുകാരനല്ല. ബിഹാറിലെ ആനച്ചന്തയില്‍ നിന്ന് വാങ്ങി കേരളത്തിലേക്ക് എത്തിക്കുമ്പോള്‍ പേര് മോട്ടിപ്രസാദ് എന്നായിരുന്നു. ധനലക്ഷ്മി ബാങ്ക് മാനേജരായിരുന്ന എഎന്‍ രാമചന്ദ്ര അയ്യരായിരുന്നു ആദ്യത്തെ ഉടമ. അദ്ദേഹത്തില്‍ നിന്നും തൃശ്ശൂര്‍ക്കാരന്‍ വെങ്കിടാദ്രി സ്വാമി ആനയെ വാങ്ങി ഗണേശന് എന്ന് പേരിട്ടു. 1984ല്‍ തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങി നടക്കിരുത്തിയപ്പോള്‍ ഇട്ട പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്.
1999 ല്‍ മുളയം രുധിരമാല ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തിരുവമ്പാടി ചന്ദ്രശേഖരന് എന്ന പേരുകേട്ട കൊമ്പനെ കുത്തി, 70 വയസ്സുള്ള ചന്ദ്രശേഖരന് മൂന്നുവര്‍ഷം ചികിത്സയില്‍ കഴിഞ്ഞെങ്കിലും പിന്നീട് ചെരിഞ്ഞു. കുറച്ചുനാള്‍ കഴിഞ്ഞ് മംഗലാംകുന്ന് കര്ണ്ണനെന്ന ആനയെയും രാമചന്ദ്രന് കുത്തി പരിക്കേല്‍പ്പിച്ചു.
Discussion about this post