ന്യൂഡല്‍ഹി: ഏതാണ്ട് അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, മലയാളിയായ അമ്മ അനസൂയ ആശുപത്രിയില്‍ ഉപേക്ഷിച്ച് മടങ്ങിയ ആ ചോരക്കുഞ്ഞ് ഇന്ന് സ്വിറ്റ്സര്‍ലാന്‍ഡിലെ എംപിയാണ്. ജനങ്ങളുടെയും വിശ്വാസികളുടെയും ഇടയിലെ താരമാണ്. അവിശ്വസനീയമാണ് നിക്കിന്റെ ഈ ജീവിതകഥ. അന്ന് ആശുപത്രിയില്‍ മലയാളിയായ ബ്രാഹ്മണസ്ത്രീ ഉപേക്ഷിച്ച ചോരക്കുഞ്ഞിനെ ജര്‍മ്മന്‍ ദമ്പതികള്‍ ദത്തെടുത്തതോടെയാണ് ആ കുഞ്ഞുജീവിതം വളര്‍ന്ന് ആകാശംമുട്ടെ ഉയരെയെത്തിയത്.
ഏതെങ്കിലും അനാഥമന്ദിരത്തില്‍ എത്തിച്ചേരേണ്ട ജീവിതം കീഴ്മേല്‍ മറിഞ്ഞ് സ്വിസ് പാര്‍ലമെന്റിലെ എംപി കസേര വരെ എത്തിച്ചു. ഇതാണ് നിയോഗം, നിക്കോളാസ് സാമുവല്‍ ഗുഗ്ഗര്‍ എന്ന നിക്കിനെ തേടിയെത്തിയ സൗഭാഗ്യം. സ്വിറ്റ്സര്‍ലാന്‍ഡിലെ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ പാര്‍ട്ടിയുടെ എംപിയായി പാര്‍ലമെന്റിലെത്തിയ ഇന്ത്യന്‍ വംശജനായ ആദ്യത്തെ സ്വിസ് എംപിയാണ് നിക്ക്.
ഒരിക്കലും ജീവിതത്തില്‍ നേരിട്ടുകണ്ടിട്ടില്ലെങ്കിലും, അമ്മ മലയാളിയായ ഒരു സ്ത്രീയാണെന്ന് നിക്കിന് അറിയാം. എന്നാല്‍ അച്ഛനെ കുറിച്ച് ഒരറിവും നിക്കിന് ഇല്ല. 1970 മെയ് ഒന്നിന് രാത്രി 1.20 ന് ഉഡുപ്പിയിലെ ലെംബാര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു ജനനം. അമ്മയെക്കുറിച്ച് കേട്ടറിഞ്ഞ വിവരം മാത്രം. ‘ ഇവനെ നന്നായി നോക്കുന്ന ഒരു കുടുംബത്തെ ഏല്‍പ്പിക്കണം’ എന്ന അഭ്യര്‍ത്ഥനയോടെ കുഞ്ഞിനെ വനിതാ ഡോക്ടര്‍ ഫ്ളൂക്ഫെല്ലിനെ എല്പ്പിച്ച ശേഷം അനസൂയ ആശുപത്രിയില്‍നിന്നും മടങ്ങുകയായിരുന്നു.
തലശ്ശേരിയില്‍ നെട്ടൂര്‍ ടെക്നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷനില്‍ പഠിപ്പിച്ചിരുന്ന ജര്‍മ്മന്‍ സ്വദേശികളായ എന്‍ജിനീയര്‍ ഫ്രിറ്റ്സും ഭാര്യ എലിസബത്തും മലേറിയക്കു ചികിത്സ തേടി ലെംബാര്‍ഡ് ആശുപത്രിയിലെത്തിലെത്തിയതാണ് നിക്കിന്റെ തലവര മാറ്റിയത്. അവര്‍ അവിടെ നിന്നു ദത്തെടുത്തു. അമ്മ തിരികെയെത്തുമോയെന്നു 2 വര്‍ഷം കാത്തിരുന്നു. പിന്നീട്, ഫ്രിറ്റ്സും എലിസബത്തും മലയാളം പത്രങ്ങളില്‍ പരസ്യം നല്കി. അനസൂയ പക്ഷേ, വന്നില്ല. ആ പരസ്യം നിക് ഇന്നും സൂക്ഷിക്കുന്നു.
നിക്കോളസ് സാമുവല്‍ ഗുഗ്ഗര്‍ എന്ന പേരുമായി പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യനായി അവന് വളര്‍ന്നു. പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ പാര്‍ട്ടിയുടെ എംപിയായി. ‘ബ്രാഹ്മണനു വന്ന പരിണാമം നോക്കൂ’ എന്നാണ് നിക്ക് ഇതിനെ തമാശരൂപേണെ പറയുന്നത്. തലശ്ശേരി ജീവിതത്തിനു ശേഷം ഫ്രിറ്റ്സും എലിസബത്തും സ്വിറ്റ്സര്‍ലന്‍ഡിലെ ഥൂണ്‍ എന്ന ചെറു പട്ടണത്തിലേക്കു മടങ്ങി. അവര്‍ക്കു 2 പെണ്‍കുട്ടികളും ജനിച്ചു.
മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദം നേടിയശേഷം സൈക്കോളജിയിലും മാനേജ്മെന്റ് ആന്‍ഡ് ഇന്നവേഷനിലും ഉപരിപഠനം നടത്തിയ നിക് ഇപ്പോള്‍ മാനേജ്മെന്റ് ആന്‍ഡ് ഇന്നൊവേഷനില്‍ അറിയപ്പെടുന്ന പ്രഭാഷകനും വ്യവസായ സംരംഭകനുമാണ്. സ്വിറ്റ്സര്‍ലന്‍ഡില്‍ ജനപ്രിയമായിക്കഴിഞ്ഞ ഇഞ്ചിനീര് പാനീയം അദ്ദേഹത്തിന്റേതാണ് – പേര് സിന്‍ജി. 2002 ലാണു രാഷ്ട്രീയപ്രവേശം. 2017 ല്‍ എംപിയുമായി. വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ബന്ധമുള്ള എംപിമാരുടെ സമ്മേളനത്തിനായി ഡല്‍ഹിയില്‍ വന്നപ്പോള്‍ നിക്കിന്റെ ജീവിത കഥ കേട്ട്, ഒഡീഷയിലെ കലിംഗ സര്‍വകലാശാല സ്ഥാപകനും രാജ്യസഭാംഗവുമായ അച്യുത് സാമന്ത അന്തം വിട്ടു. തൊട്ടടുത്ത വര്‍ഷം കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്നോളജി ഡി ലിറ്റ് ബിരുദം നല്കി ആദരിച്ചു.
വിവാഹം ചെയ്തത് സ്വിറ്റ്സര്‍ലന്‍ഡുകാരി ബിയാട്രീസിനെ. ആദ്യത്തെ മകള്‍ പിറന്നപ്പോള്‍ അനസൂയ എന്നു തന്നെ പേരിട്ടു. 2 ആണ്‍കുട്ടികളും പിറന്നു- ലെ ആന്ത്രോയും മി ഹാറബിയും. നിക്കിന് ഇനി 2 ആഗ്രഹങ്ങളുണ്ട്: തന്റെ ജീവിതകഥ പുസ്തകമാക്കണം, അതു വരുംതലമുറകള്‍ക്ക് പ്രചോദനമാകണം; കേരളത്തിന്റെ കായല്‍പ്പരപ്പില്‍ 25-ാം വിവാഹ വാര്‍ഷികം ആഘോഷിക്കണം. അതിനായി ഓഗസ്റ്റില്‍ കുടുംബസമേതം കേരളത്തിലെത്തും.
Discussion about this post