ഗോവധക്കേസില്‍ മൂന്ന് മുസ്ലിങ്ങള്‍ക്കെതിരെ ദേശസുരക്ഷാ നിയമ പ്രകാരം കേസെടുത്ത മധ്യപ്രദേശ് സര്‍ക്കാര്‍ നടപടിയില്‍ കോണ്‍ഗ്രസിനുള്ളില്‍ വിമര്‍ശനം ശക്തമാകുന്നു. കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗത്തിന്റെ യോഗത്തിലാണ് മുഖ്യമന്ത്രി കമല്‍നാഥിനെതിരെ ആഞ്ഞടിച്ച് നേതാക്കന്മാര് രംഗത്തെത്തിയത്.
കഴിഞ്ഞ ആഴ്ചയാണ് പശുക്കളെ വധിച്ചുവെന്നാരോപിച്ച് മൂന്ന് മുസ്ലിംകളെ ഗോവധ നിരോധന നിയമ പ്രകാരം മധ്യപ്രദേശ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ കണ്ട്വ ജില്ലയിലാണ് സംഭവം. നദീം, ശക്കീല്‍, അസാം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പിന്നീട് ദേശസുരക്ഷാ നിയമം കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയ ശേഷം ഗോവധ നിരോധന നിയമ പ്രകാരം എടുത്ത ആദ്യ കേസാണിത്. നേരത്തെ ബി.ജെ.പി 22 പേര്‍ക്കെതിരെ ദേശസുരക്ഷാ നിയമം ഉള്‍പ്പെടുത്തി ഗോവധവുമായി ബന്ധപ്പെട്ട കേസുകളെടുത്തിരുന്നു. സമാനരീതിയില്‍ കമല്‍നാഥ് സര്‍ക്കാരും കേസെടുത്തതോടെയാണ് കോണ്‍ഗ്രസിനകത്ത് പ്രതിസന്ധിയായത്.
കര്‍ണാടകയിലെ മുന്‍ മന്ത്രി റോഷന് ബേഗാണ് ഇന്ന് ചേര്‍ന്ന എ.ഐ.സി.സി ന്യൂനപക്ഷ വിഭാഗത്തിന്റെ യോഗത്തില്‍ കമല്‍നാഥിനെതിരെ ആഞ്ഞടിച്ചത്. തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ കമല്‍നാഥ് സര്‍ക്കാരിന്റെ നടപടി ന്യൂനപക്ഷ വോട്ടുകളെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്ക കോണ്‍ഗ്രസിനകത്ത് ശക്തമാവുകയാണ്.
Discussion about this post