കായംകുളം: സെന്‍ട്രല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ കായംകുളം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ഉള്‍പ്പടെ ഏഴു കൗണ്‍സിലര്‍മാര്‍ക്കു പരിക്കേറ്റു.
ബുധനാഴ്ച രാവിലെയാണു നിര്‍ണായക കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ഒന്നാമത്തെ അജണ്ടയായിട്ടാണു ബസ് സ്റ്റാന്‍ഡിനു സ്ഥലം ഏറ്റെടുക്കല്‍ വിഷയം ഉള്‍പ്പെടുത്തിയത്. വിഷയം ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലെത്തി. തുടര്‍ന്നാണ് അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായതും അടിയില്‍ കലാശിച്ചതും.
വൈസ് ചെയര്‍പേഴ്സണ്‍ ആര് ഗിരിജ, എല്‍ഡിഎഫ് അംഗങ്ങളായ ഷാമില അനിമോന്, ജലീല്‍ എസ് പെരുമ്പളത്ത്, ശശികല, അജയന് എന്നിവര്‍ക്കും പ്രതിപക്ഷ അംഗങ്ങളായ ഷിജിന നാസര്‍, ഷാനവാസ് എന്നിവര്‍ക്കുമാണു പരിക്കേറ്റത്. ഇവരെ കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post