ചെറിയൊരു ഇടവേളയ്ക്ക് ശേഷം തന്റെ തിരിച്ചു വരവ് ആഘോഷിക്കുകയാണ് ജയറാം. താരത്തിന്റേതായി തീയ്യേറ്ററിലെത്തിയ ‘ലോനപ്പന്റെ മാമോദീസ’യ്ക്ക് മികച്ച പ്രതികരണമാണ്. പഴയ ജയറാമിനെ തങ്ങള്‍ക്ക് തിരിച്ച് കിട്ടിയെന്നാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ഗ്രാമീണ ജീവിതത്തിന്റെ പശ്ചാത്തലത്തിന്‍ പറയുന്ന മനോഹരമായ ഒരു ഫീല്‍ ഗുഡ് കുടുംബ ചിത്രമാണിത്. കുടുംബചിത്രങ്ങളാണ് എന്നും തന്റെ ശക്തിയെന്നും എന്നാല്‍ ചില സിനിമകള്‍ തെരഞ്ഞെടുത്തപ്പോള്‍ പാളിച്ചകള്‍ പറ്റിയെന്നും ജയറാം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘കഴിഞ്ഞ 30 വര്‍ഷക്കാലം ഏറ്റവും കൂടുതല്‍ കുടുംബ ചിത്രങ്ങള്‍ ചെയ്തിട്ടുള്ളത് ഞാനായിരിക്കും എന്നാണ് തോന്നുന്നത്. ഞാനേറ്റവും വലിയ ഭാഗ്യമായി കരുതുന്നതും അതാണ്. അതെന്തു കൊണ്ടാണെന്നു ചോദിച്ചാല്‍ മന:പൂര്‍വമല്ല എന്നു മാത്രമെ പറയാന്‍ കഴിയൂ. എന്നെ തേടി അത്തരം സിനിമകളാണ് അധികം വന്നത്. ഇത്തരം സിനിമകള്‍ ചെയ്യുമ്പോള്‍ ഞാന്‍ വളരെ കംഫര്‍ട്ടബിളാണ്. നമുക്ക് പറ്റുന്ന കഥാപാത്രം ഇഷ്ടപ്പെട്ട് ചെയ്യുമ്പോഴാണ് സിനിമ നന്നാവുന്നത്, ഇടക്കാലത്ത് സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ തനിക്ക് തെറ്റ് പറ്റിയിട്ടുണ്ട്. എനിക്കു തന്നെ ആവശ്യമില്ലായിരുന്നുവെന്ന് തോന്നിയിട്ടുള്ള കുറേ സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷേ പിന്നെയും എന്നെ തേടി നല്ല സിനിമകള്‍ വന്നു കൊണ്ടേയിരുന്നു. അതിനുദാഹരണമാണ് പഞ്ചവര്‍ണത്തത്തയും ലോനപ്പന്റെ മാമോദീസയും ഒക്കെ’ ജയറാം പറഞ്ഞു.
ലിയോ തദേവൂസ് ആണ് ലോനപ്പന്റെ മാമോദീസയുടെ സംവിധായകന്‍. ശാന്തി കൃഷ്ണ, കനിഹ, നിഷ സാരംഗ്, ഇഷ പവിത്രന്‍, ഹരീഷ് കണാരന്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, ജോജു ജോര്‍ജ്,നിയാസ് ബക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്സിന്റെ ബാനറില്‍ ഷിംനോയ് മാത്യു ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post