ഐസ്ലാന്‍ഡ്: ബിയര്‍ പ്രേമികള്‍ക്ക് ഇതില്‍ പരം ഒരു സന്തോഷ വാര്‍ത്ത കിട്ടാനില്ല. ചില്‍ഡ് ബിയര്‍ നുണയാന്‍ മാത്രമല്ല ബിയറില്‍ മുങ്ങി കുളിക്കാനും അവസരം. ഇവിടെ എങ്ങുമല്ല, അങ്ങ് ഐസ്ലാന്‍ഡിലാണ് അവസരം. യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപാണ് ഐസ്ലാന്‍ഡ്. അഗ്നിപര്‍വതങ്ങളുടെ നാടെന്നും ഈ ദ്വീപിനെ വിളിക്കാറുണ്ട്.
ഐസ്ലാന്‍ഡിലെ ബ്ജോര്‍ബോദിന്‍ എന്ന സ്പാ സെന്ററിലാണ് ഈ ബിയര്‍ ബാത് ഒരുക്കിയിരിക്കുന്നത്. വലിയൊരു ബിയര്‍ ടബ്ബില്‍ ബിയറിലുള്ള മുങ്ങിക്കുളി അതാണ് ബിയര്‍ സ്പാ. കംമ്പാല തടികളില്‍ നിര്‍മ്മിച്ച ടബ്ബുകളാണ് ബിയര്‍ ബാത്തിനായി ഒരുക്കിയിരിക്കുന്നത്. ഒരു ടബ്ബില്‍ 2 പേര് വീതം ഒരു മണിക്കൂറില്‍ 14 പേര്‍ക്ക് ഒരുമിച്ച് ബിയര്‍ സ്പാ ചെയ്യാം. ഒരേസമയം എട്ടുപേര്ക്കധികം ഇരിക്കാവുന്ന വലിയ ടബ്ബുകളും സ്പായ്ക്ക് പുറത്തായി ഒരുക്കിയിട്ടുണ്ട്.
ടബ്ബില്‍ ബിയറിന് പുറമേ വെള്ളം, യീസ്റ്റ് എന്നിവയും ചേര്‍ക്കും. ചൂടുവെള്ളത്തോടൊപ്പം പുളിക്കാത്ത ബിയറായ യംഗ് ബിയര്‍ കലര്‍ത്തും ഒപ്പം ബ്രൂവേഴ്സ് യീസ്റ്റും ചേര്‍ക്കും. വിറ്റമിന്‍ ബി ധാരാളമായി അടങ്ങിയുള്ള ഈ മിശ്രിതം ചര്‍മത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണെന്നാണ് സ്പാ സെന്ററുകാരുടെ അവകാശ വാദം. 20 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ ബിയര്‍ കുടിക്കാന്‍ നല്‍കുകയുള്ളൂ. 16 വയസ്സില്‍ താഴെയുള്ളവര്‍ മാതാപിതാക്കളോടൊപ്പം വന്നാല്‍ മാത്രമേ ഇവിടെ പ്രവേശനമുള്ളൂ.
Discussion about this post