തിരുവനന്തപുരം: കേരളത്തിന്റെ തലവര തന്നെ മാറ്റുന്ന തരത്തില്‍ വാണിജ്യ-പൈതൃക രംഗത്തിന് പുത്തനുണര്‍വ്വ് പകരാന്‍ സ്പൈസസ് റൂട്ടിലേക്ക് പൊന്നാനിയും. അന്താരാഷ്ട്ര വാണിജ്യ ബന്ധങ്ങളുണ്ടായിരുന്ന പുരാതന തുറമുഖ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ബൃഹത്തായ പദ്ധതിയാണ് സ്പൈസസ് റൂട്ട് പദ്ധതി. മുസ്രിസ് പദ്ധതി വഴി സ്പൈസസ് റൂട്ട് പദ്ധതിയിലേക്ക് പൊന്നാനി ഉള്പ്പെടുത്തപ്പെട്ടതോടുകൂടി പൊന്നാനിയുടെ സമഗ്ര വികസനത്തിനും പരിരക്ഷയ്ക്കും കൂടിയാണ് തുടക്കമാകുന്നത്. 6000/- കോടി രൂപ കിഫ്ബി ധനസഹായത്തോടെ കേരളത്തിലെ തുറമുഖ നഗരങ്ങളെ ബന്ധിപ്പിക്കുന്ന 600 കിലോമീറ്റര്‍ സൈക്കിള്‍ ട്രാക്കോടെ നിര്‍മ്മിക്കുന്ന തീരദേശ ഹൈവേ സ്പൈസസ് റൂട്ടിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമാവും. പുരാതന കെട്ടിടങ്ങളുടെ മാത്രമല്ല, ‘അസ്പഷ്ടമായ സാംസ്കാരിക പൈതൃക’ത്തിന്റെ കൂടി പ്രദര്‍ശന മേഖലയായി പദ്ധതി പ്രദേശം മാറുമെന്നാണ് പ്രതീക്ഷ.
നേരത്തെ തലശ്ശേരിയിലും, ആലപ്പുഴയിലും ഉണ്ടായിരുന്ന പൈതൃക സംരക്ഷണം പശ്ചാത്തല വികസനം, റോഡുകള്‍, പാലങ്ങള്‍, പരമ്പരാഗത സംസ്കാരങ്ങളുടെയും കെട്ടിടങ്ങളുടെയും സംരക്ഷണം തുടങ്ങി ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാവുന്ന പ്രദേശങ്ങളായി തെരഞ്ഞെടുക്കപ്പെട്ട പ്രാചീന പട്ടണങ്ങളെ മാറ്റുന്ന പ്രക്രിയകൂടിയാണ് സ്പൈസസ് റൂട്ട് പദ്ധതി. പൊന്നാനി മിസ്രി പള്ളി അടക്കമുള്ള പൈതൃക കെട്ടിടങ്ങളുടെ സംരക്ഷണം ഇതിലൂടെ സാധ്യമാകുന്നതാണ്. അതില്‍ ഉള്‍പ്പെട്ടതോടുകൂടി വികസനത്തിന്റെ അനന്ത സാധ്യതകളിലേക്കാണ് പൊന്നാനി പ്രവേശിക്കുന്നത്. സ്പീക്കറും എംഎല്‍എയുമായ ശ്രീരാമകൃഷ്ണന്റെ സ്വപ്നപദ്ധതികളാണ് ഇതോടെ മണ്ഡലത്തില്‍ യാഥാര്‍ത്ഥ്യമാകുന്നത്.
ഈ പദ്ധതികള്‍ക്കൊപ്പം തന്നെ, ചരിത്രത്തില്‍ ഇതുവരെ ലഭിക്കാത്ത തരത്തിലുള്ള പിന്തുണയാണ് ഈ ബജറ്റ് പൊന്നാനിക്ക് നല്‍കിയിരിക്കുന്നത്. ഓട്ടിസം ബാധിച്ച കുട്ടികളുടെ ചികിത്സ, സംരക്ഷണം, തൊഴില്‍ പരിശീലനം, പുനരധിവാസം എന്നിവ ലക്ഷ്യംവയ്ക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള ഓട്ടിസം പാര്‍ക്ക് പൊന്നാനിയില്‍ സ്ഥാപിക്കുകയെന്ന സ്പീക്കറുടെ ഏറെ നാളത്തെ പ്രയത്ന ഫലമായുള്ള പദ്ധതികളും ഈ ബജറ്റിലൂടെ യാഥാര്‍ത്ഥ്യമാവുകയാണ്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 5 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തി.
മത്സ്യബന്ധനരംഗത്ത് ഏറെക്കാലമായ ആവശ്യമാണ് പുതുപൊന്നാനി ഫിഷ് ലാന്റിംഗ് സെന്റര്‍. ഈ ബജറ്റില്‍ പുതുപൊന്നാനി ഫിഷ് ലാന്റിംഗ് സെന്റര്‍ അനുവദിച്ചിരിക്കുകയാണ്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടുകോടി രൂപ ബജറ്റില്‍ അനുവദിച്ചു. പെരുമ്പടപ്പ് പഞ്ചായത്തില്‍ ഉള്‍പ്പെടുന്നതും പൊന്നാനി കോള്‍ മേഖലയില്‍ ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശവുമായ ചെറവല്ലൂരിനെ ബന്ധിപ്പിക്കുന്നതിനായി ചെറവല്ലൂര്‍ ബണ്ട് റോഡ് സൈഡ് കെട്ടി ടാര്‍ ചെയ്യുന്നതിന് 5 കോടി രൂപ അനുവദിച്ചു. മാറഞ്ചേരി ഗ്രാമപഞ്ചായത്തില്‍ വടമുക്കിനെയും തുറുവാണത്തെയും ബന്ധിപ്പിക്കുന്ന തുറുവാണം പാലത്തിന് 8 കോടി രൂപ അനുവദിച്ചു. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉപ്പുകലരുന്നത് തടയുന്നതിനും കൃഷിക്കും പ്രയോജനപ്പെടുന്ന മാറഞ്ചേരി – പുറങ്ങ് മഠത്തില്‍ തോടിന് കുറുകെ VCB നിര്‍മ്മാണത്തിന് 75 ലക്ഷം രൂപ അനുവദിച്ചു.
മണ്ഡലത്തില്‍ ഏറെ ഫുട്ബോള്‍ പ്രതിഭകളും, ഫുട്ബോള്‍ ക്ലബ്ബുകളുമുള്ള നന്നംമുക്ക് – മൂക്കുതല പ്രദേശത്തിന്റെ കായിക വികസനത്തിനായി മൂക്കുതല PCN GHSS സ്കൂള്‍ ഗ്രൗണ്ടില്‍ ഉന്നത നിലവാരത്തിലുള്ള ഫുട്ബോള്‍ സ്റ്റേഡിയം നിര്‍മ്മാണത്തിന് 3 കോടി രൂപ അനുവദിച്ചു.
മണ്ഡലത്തിലെ കോക്കൂരിനെയും പാലക്കാട് ജില്ലയെയും ബന്ധിപ്പിക്കുന്ന കോക്കൂര്‍-കാഞ്ഞിരത്താണി റോഡിന് 5 കോടി രൂപയും അനുവദിച്ചു. മണ്ഡലത്തിലെ മറ്റു പ്രവര്‍ത്തികളെല്ലാം ബജറ്റില്‍ പ്രതിപാദിച്ചിട്ടുണ്ട്.
Discussion about this post