മലയാളത്തിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഷോയ്ക്കിടയില്‍ ട്രാന്സ്ഡെന്ഡര് വിഭാഗത്തെ മോശമായ രീതിയില്‍ പരാമര്‍ശിച്ചതിന് മാപ്പ് ചോദിച്ച് നടിയും മോഡലുമായ അഞ്ജലി അമീര്‍. റിയാലിറ്റി ഷോയ്ക്കിടയില്‍ തന്റെ കമ്യൂണിറ്റിയെ കുറിച്ച് മോശമായ രീതിയില്‍ സംസാരിച്ചതിന് നിങ്ങളോട് ഓരോരുത്തരോടും ക്ഷമ ചോദിക്കുന്നുവെന്നാണ് അഞ്ജലി ഫേസ്ബുക്കില്‍ കുറിച്ചത്. സമയക്കുറവ് കൊണ്ടാണ് ഞാന്‍ പറഞ്ഞത് മുഴുവന്‍ ചാനലില്‍ കാണിക്കാതിരുന്നതെന്നും അതുകൊണ്ടാണ് ഇത്തരത്തിലൊരു തെറ്റിദ്ധാരണ ഉണ്ടായതെന്നും താരം പറഞ്ഞു.
എന്റെ ഭാഗത്ത് നിന്നും സംഭവിച്ച എല്ലാ തെറ്റുകളും ഒരു കുഞ്ഞനുജത്തിയായിക്കണ്ട് ക്ഷമിക്കണമെന്നും കമ്യൂണിറ്റിയുടെ ഐക്യത്തിനും ഉന്നമനത്തിനുമായി താന്‍ എക്കാലവും നിലകൊള്ളുമെന്നും അഞ്ജലി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ക്രോസ്സ് ഡ്രസ്സിങ് നടത്തി ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന് പറഞ്ഞ് പണമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ കേരളത്തിലുണ്ടെന്നും കാശ് ആഗ്രഹിക്കുന്നവരാണ് വസ്ത്രം മാറി രാത്രി റോഡിലേക്ക് എത്തുന്നതെന്നും സെക്സ് വര്‍ക്കിനെ പിന്തുണയ്ക്കാനാകില്ലെന്നുമാണ് അഞ്ജലി റിയാലിറ്റി ഷോയില്‍ പറഞ്ഞത്. ഇതിനെതിരേയാണ് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നത്. മമ്മൂട്ടി നായകനായി എത്തുന്ന ‘പേരന്പ്’ ആണ് അഞ്ജലി അമീറിന്റെ തീയ്യേറ്ററിലെത്തുന്ന ചിത്രം.
അഞ്ജലി അമീറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,
നമസ്ക്കാരം.
ഞാന്‍ പങ്കെടുത്ത ഒരു ചാനല്‍ റിയാലിറ്റി ഷോയ്ക്കിടയില്‍ എന്റെകമ്യൂണിറ്റിക്ക് ദോഷമുണ്ടാകുന്ന തരത്തില്‍ സംസാരിച്ചു എന്ന പരാമര്‍ശം ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ. എന്റെ ഭാഗത്തു നിന്നുള്ള തെറ്റ് നിങ്ങള്‍ ചൂണ്ടിക്കാണിച്ചു. അക്കാര്യത്തില്‍ ഞാന്‍ നിങ്ങളോട് പൂര്‍ണ്ണമായും ക്ഷമ ചോദിക്കുകയാണ്. നിങ്ങള്‍ എന്നോട് ക്ഷമിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ചര്‍ച്ചയില്‍ പറഞ്ഞത് സമയക്കുറവിനാല്‍ ചാനല്‍ മുഴുവനായി കാണിക്കാതിരുന്നതാണ് അങ്ങനെയൊരു തെറ്റിദ്ധാരണയ്ക്കിട വരുത്തിയത്. കമ്മ്യൂണിറ്റിക്കിടയില്‍ നില്ക്കുമ്പോള് കമ്യൂണിറ്റിക്കെതിരായി സംസാരിക്കരുതെന്ന ബോധ്യം എനിക്കുണ്ട്. പക്ഷെ എന്റെ ഭാഗത്ത് നിന്നും സംഭവിച്ചതെറ്റിന് ഓരോരുത്തരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ പ്രോല്‍സാഹനങ്ങളാല്‍ മാത്രമാണ് എനിക്ക് പൊതുസമൂഹത്തില്‍ നില്ക്കുവാനും ഇന്നത്തെ നിലയിലെത്തുവാനും സാധിച്ചത്. അതിന് ഞാന്‍ കമ്യൂണിറ്റിയോട് കടപ്പെട്ടവളാണ്. എക്കാലത്തും നിങ്ങളുടെ പ്രോല്‍സാഹനങ്ങള്‍ എനിക്കുണ്ടാകണം, കൂടെ നില്‍ക്കണം.
അതിനാല്‍ എന്റെ പക്ഷത്ത് നിന്ന് സംഭവിച്ച എല്ലാ തെറ്റുകളും ഒരു കുഞ്ഞനുജത്തിയായിക്കണ്ട് ക്ഷമിക്കണം. കമ്യൂണിറ്റിയുടെ ഐക്യത്തിനും ഉന്നമനത്തിനുമായി ഞാന്‍ എക്കാലവും നിലകൊള്ളുമെന്ന് ഉറപ്പ് തരുന്നു.
Discussion about this post