ന്യൂഡല്‍ഹി: രാജ്യത്ത് എംപിമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നത് അടക്കമുള്ള വിഷയങ്ങള്‍ ചോദ്യം ചെയ്തതിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിമര്‍ശനം നേരിട്ടുവെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി. നിങ്ങളെന്തിനാണ് ഞങ്ങളുടെ പ്രശ്നങ്ങള്‍ കൂട്ടുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് ഓഫീസില്‍ നിന്നും ഫോണ്‍ വിളി വന്നതെന്നും വരുണ്‍ ഗാന്ധി പറഞ്ഞു.
‘സ്വത്തുവകകളുടെ വിവരങ്ങള്‍ പോലും നല്‍കാതെ എംപിമാരുടെ ശമ്പള വര്‍ധനവിനെതിരെ ഞാന്‍ ആവര്‍ത്തിച്ച് ചോദ്യമുന്നയിച്ചിരുന്നു. എല്ലാ മേഖലകളിലും ജീവനക്കാര്‍ക്ക് ശമ്പളം കൂട്ടിക്കൊടുക്കുന്നത് അവരുടെ കഠിനാദ്ധ്വാനവും സത്യസന്ധതയും അനുസരിച്ചാണ്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വെറുതെ കൈ ഉയര്‍ത്തി ഏഴു തവണയാണ് എംപിമാര്‍ തങ്ങളുടെ ശമ്പളം വര്‍ധിപ്പിച്ചത്.’ ഭീവാനിയിലെ മോഡല്‍ വുമണ്‍സ് കോളേജില്‍ നടന്ന പരിപാടിക്കിടെയായിരുന്നു വരുണിന്റെ വാക്കുകള്‍.
രാജ്യത്തെ വിദ്യഭ്യാസ സംവിധാനങ്ങളെ ചോദ്യം ചെയ്ത വരുണ്‍ ഗാന്ധി വിമര്‍ശിച്ചിരുന്നത് യുപിയിലെ സ്കൂളുകളെ കുറിച്ചായിരുന്നു.
‘ഉത്തര്‍പ്രദേശ് സ്കൂളുകളില്‍ പഠനമൊഴിച്ച് മറ്റെല്ലാ പരിപാടികളും നടക്കുന്നുണ്ട്. കല്ല്യാണവും മതചടങ്ങുകളും നടത്തുന്നത് സ്കൂളിലാണ്. ശവസംസ്ക്കാര ചടങ്ങുകള്‍ക്ക് ശേഷം പരിപാടികള്‍ സംഘടിപ്പിക്കുന്നത് സ്കൂള്‍ പരിസരത്താണ്. കുട്ടികളുടെ ക്രിക്കറ്റ് കളിയും നേതാക്കള്‍ പ്രസംഗിക്കുന്നതും സ്കൂളുകളിലാണ്’ വരുണ്‍ ഗാന്ധി പറഞ്ഞു.
എല്ലാ വര്‍ഷവും 3 കോടി ലക്ഷം വിദ്യാഭ്യാസത്തിന് വേണ്ടി ചിലവഴിക്കുന്നു. പക്ഷെ 89 ശതമാനവും ബില്‍ഡിങ്ങുകള്‍ക്ക് വേണ്ടിയാണ് ചിലവഴിക്കുന്നത്. ഇതിനെ വിദ്യാഭ്യാസമെന്ന് വിളിക്കാന്‍ കഴിയില്ലെന്നും എംപി വിമര്‍ശിച്ചു.
Discussion about this post