കണ്ണൂര്‍: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. പികെ ശ്രീമതി എംപിക്കെതിരെ അഴിമതിയാരോപണങ്ങള്‍ നടത്തുകയും വ്യക്തിഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ് വാറന്റ്.
പികെ ശ്രീമതി നല്കിയ മാനനഷ്ടക്കേസില്‍ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാകാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ബി ഗോപാലകൃഷ്ണന് ഹാജരായില്ല. ഇതേത്തുടര്‍ന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
ഏപ്രില്‍ നാലിന് കേസ് വീണ്ടും പരിഗണിക്കും. അന്ന് ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് ഹാജരാക്കുന്നതിനാണ് കോടതി പോലീസിന് നിര്‍ദേശം നല്‍കിയത്.
ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ അപകീര്‍ത്തികരമായ ആക്ഷേപം നടത്തിയെന്നാരോപിച്ചു കൊണ്ടാണ് ബി ഗോപാലകൃഷ്ണനെതിരെ പികെ ശ്രീമതി എംപി മാനനഷ്ടക്കേസ് നല്‍കിയത്.
ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കെ ശ്രീമതിയുടെ മകനും കോടിയേരി ബാലകൃഷ്ണന്റെ മകനും ചേര്‍ന്നു മരുന്നുകമ്പനി നടത്തിയെന്നും ഈ കമ്പനിക്കു സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുവിതരണം ചെയ്യാനുള്ള കരാര്‍ നല്‍കിയെന്നും ഗോപാലകൃഷ്ണന് ടെലിവിഷന്‍ ചര്‍ച്ചയില്‍ ആരോപിച്ചെന്നാണു പരാതി.
ഇത്തരമൊരു കമ്പനി രൂപീകരിച്ചിട്ടില്ലെന്നു വ്യക്തമാക്കിയ ശ്രീമതി, ആരോപണം പിന്‍വലിച്ചു മാപ്പുപറയണമെന്നാവശ്യപ്പെട്ടു ഗോപാലകൃഷ്ണനു നോട്ടീസ് അയക്കുകയായിരുന്നു. തുടര്‍ന്നാണു കണ്ണൂര്‍ മജിസ്ട്രേട്ട് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
Discussion about this post