മറയൂര്‍: ജനങ്ങളെ ഭീഷണിയിലാഴ്ത്തി കീഴാന്തൂരില്‍ പൊതുവഴിയില്‍ കാട്ടുപോത്തിന്റെ വിളയാട്ടം. കീഴാന്തൂരിലെ കര്‍ഷകരും മറയൂര്‍ കാന്തല്ലൂര്‍ റോഡിലെ യാത്രക്കാരും പോത്ത് കാരണം ബുദ്ധിമുട്ടിലായിരിക്കുന്നു.
ഇവിടെയുള്ള സ്വകാര്യ ഭൂമിയിലെ ഗ്രാന്റീസ് തോട്ടത്തിലാണ് പോത്ത് സുഖവാസം നടത്തുന്നത്. നാട്ടുകാര്‍ക്കിടയില്‍ ‘ബാഹുബലി’ എന്നാണ് ഈ കാട്ടുപോത്ത് അറിയപ്പെടുന്നത്. പോത്തിന്റെ ഉപദ്രവം ഇവിടെയുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. രാത്രി പകല്‍ വ്യത്യാസമില്ലാതെയാണ് പോത്ത് ആളുകളെ വട്ടം കറക്കുന്നത്. രാവിലെ ഒന്‍പതരയോടെ കൃഷിത്തോട്ടത്തിലിറങ്ങിയ കാട്ടുപോത്തിനെ മണിക്കൂറുകളോളം പരിശ്രമിച്ചാണ് കര്‍ഷകര്‍ തുരത്തിയത്. കഴിഞ്ഞ വേനലിന്റെ തുടക്കത്തിലാണ് ഗാന്റീസ്, കാപ്പി തോട്ടത്തിലെ പൊന്തക്കാടിനുള്ളില്‍ കാട്ടുപ്പോത്ത് തമ്പടിച്ച് തുടങ്ങിയത്. എന്നാല്‍ ഇത്രമാസങ്ങള് കഴിഞ്ഞിട്ടും പോത്ത് കാട്ടിലേയ്ക്ക് മടങ്ങിയില്ല.
ഗ്രാമത്തില്‍ കൃഷിയിറക്കിയിരിക്കുന്ന വിളകള്‍ രാത്രികാലത്ത് വ്യാപകമായി നശിപ്പിക്കുകയാണ്. കൂടാതെ പോത്തിന്റെ ഉപദ്രവം മൂലം കര്‍ഷകര്‍ക്ക് ഇവരുടെ കൃഷിയിടത്തില്‍ എത്താനും കഴിയുന്നില്ല. അതേസമയം അധികൃതര്‍ ഇതിനു പരിഹാരം കാണുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
Discussion about this post