തിരുവനന്തപുരം: തിരക്കുകള്‍ മൂലം 2019ലെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് പറഞ്ഞ് തന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പ് വ്യാജമാണെന്ന് ശ്രീജിത്ത് പന്തളം.
‘ചില സുഹൃത്തുക്കള്‍ എന്നോട് ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നിന്ന് നില്‍ക്കണമെന്ന് പറഞ്ഞിരുന്നു. പക്ഷെ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ മെയ് മാസങ്ങളില്‍ എന്റെ സ്റ്റുഡിയോയില്‍ ഒത്തിരിപ്പേര്‍ വിവാഹങ്ങള്‍ക്ക് നേരത്തെ ബുക്ക് ചെയ്തവരുണ്ട്. അന്ന് ഞാന്‍ അതിന്റെ തിരക്കിലായിരിക്കും. അതുകൊണ്ട് ഇത്തവണ ഞാന്‍ ഇലക്ഷന് മത്സരിക്കുന്നില്ല.
നിങ്ങള്‍ക്കെല്ലാവര്‍ക്കും നിര്‍ബന്ധം ആണെങ്കില്‍ 2024 ല്‍ നടക്കുന്ന അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കാം.. ഇലക്ഷന് നിന്നാല്‍ എന്റെ നാട്ടുകാര്‍ എന്നെ വിജയിപ്പിക്കും എന്നു എനിക്ക് ഉറപ്പാണ്…’ എന്നുപറഞ്ഞ് പ്രചരിക്കുന്ന കുറിപ്പ് വ്യാജമാണെന്ന് വ്യക്തമാക്കി ശ്രീജിത്ത് പന്തളം ലൈവില്‍ എത്തിയിട്ടുണ്ട്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് തന്റെ പേരില്‍ വ്യാജ ഐഡി ആരോ ഉണ്ടാക്കുന്നത്. അത് അറിഞ്ഞപ്പോള്‍ തന്നെ സൈബര്‍ സെല്ലില്‍ പരാതി നല്‍കി രസീത് കൈപറ്റിയതാണ്. അന്ന് ആ പേജിന് എട്ട് ലൈക്കുകള്‍ മാത്രമായിരുന്നുണ്ടായിരുന്നത്. പത്തുവര്‍ഷമായി ഫേസ്ബുക്കില്‍ സജീവമായ ഒരാളാണ് ഞാന്‍. എന്റെ പ്രൊഫൈല്‍ ഏതാണെന്ന് കുറേപേര്‍ക്കെങ്കിലും അറിയാം. വിശ്വഹിന്ദു പരിഷത്തിന്റെ സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണ് ഞാന്‍. എന്റെ കുറിപ്പുകള്‍ക്ക് റീച്ച് ഉണ്ടെന്ന് മനസിലാക്കിയ ചിലരാണ് ഇങ്ങനെയുള്ള പേജ് ഉണ്ടാക്കിയത്.
എനിക്ക് ഒരു ഫേസ്ബുക്ക് ഐഡി മാത്രമാണുള്ളത്, പേജ് ഇല്ല. എനിക്ക് പേജ് തുടങ്ങാന്‍ അറിയില്ല. വ്യാജപേജ് നിര്‍മിക്കുന്നവരുടെ ഉദ്ദേശം എന്താണെന്ന് എനിക്ക് അറിയാം. എന്നാലും എനിക്ക് അവരോട് നന്ദിയുണ്ട്. കുളനടയില്‍ മാത്രം ഒതുങ്ങി നിന്ന എന്നെ പ്രശസ്തനാക്കിയത് ഇത്തരം പേജുകളാണ്, ശ്രീജിത്ത് പന്തളം പറഞ്ഞു.
Discussion about this post