തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിന് ശുപാര്‍ശ. എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ഘടന മാറ്റാനാണ് ശുപാര്‍ശ. ഇതുസംബന്ധിച്ച വിദഗ്ധ സമിതി മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് നല്‍കി.
ഒന്നു മുതല്‍ 12 വരെ ഒറ്റ ഡയറക്ടറേറ്റിന് കീഴിലാക്കണം എന്നതാണ് പ്രധാനശുപാര്‍ശ. ഇപ്പോള്‍ ഇത് മൂന്ന് ഡയറക്ടറേറ്റുകളുടെ ചുമതലയിലാണുള്ളത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് തുടങ്ങിയവയ്ക്കാണ് നിലവില്‍ ചുമതലയുള്ളത്. കൂടാതെ ഒന്നു മുതല്‍ ഏഴു വരെ ഒരു സ്ട്രീമിലും എട്ടു മുതല്‍ 12 വരെ രണ്ടാം സ്ട്രീമിലും ആക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.ഡോ എംഎ ഖാദര്‍ അധ്യക്ഷനായ സമിതിയുടെതാണ് റിപ്പോര്‍ട്ട്.
പ്രിന്‍സിപ്പല്‍ തസ്തികയിലും മാറ്റം ശുപാര്‍ശ ചെയ്യുന്നുണ്ട്. ഹൈസ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എന്ന രണ്ട് തസ്തികകള്‍ നിലവിലുണ്ട്. അത് മാറ്റി സ്‌കൂളുകളില്‍ ഒറ്റ പ്രിന്‍സിപ്പല്‍ മതിയെന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു.
അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതയിലും സമിതി മാറ്റങ്ങള്‍ നിര്‍ദേശിപ്പിക്കുന്നുണ്ട്. ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലെ അധ്യാപകര്‍ക്ക് ബിരുദവും ബിഎഡും നിര്‍ബന്ധമാക്കണം. 8 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ അധ്യാപകര്‍ക്ക് ബിരുദാനന്തര ബിരുദവും ബിഎഡും നിര്‍ബന്ധമാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു
Discussion about this post