തിരുവനന്തപുരം: പോലീസുകാര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ പറഞ്ഞു. പോലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ സോഷ്യല്‍മീഡിയയിലൂടെയുള്ള ആക്രമണവും അസഭ്യ വര്‍ഷവും നടന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
മതത്തിന്റെ പേരില്‍ ഐജി മനോജ് എബ്രഹാമിനെതിരേയും വിശ്വാസത്തിന്റെ പേരില്‍ ഐജി എസ് ശ്രീജിത്തിനെതിരേയും സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണം ന്യായീകരിക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു പോലീസ് ഉദ്യോഗസ്ഥന് തന്റെ നിയമപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് മതമോ വിശ്വാസമോ തടസമല്ല. മതത്തിന്റേയും വിശ്വാസത്തിന്റേയും പേരില്‍ പോലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി ആക്രമിക്കുന്നത് അനുവദിക്കാനാകില്ല. പോലീസ് ഉദ്യോഗസ്ഥരെ നിര്‍വീര്യരാക്കുന്ന ഇത്തരം പ്രവൃത്തികളില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞുനില്ക്കണം. ഡിജിപി വ്യക്തമാക്കി.
Discussion about this post