വയനാട്: വയനാട് തേയിലത്തോട്ടത്തില്‍ പുലി കുടുങ്ങി. മേപ്പാടി താഴെയിറപ്പറ്റയിലെ ജനവാസകേന്ദ്രത്തിന് സമീപമുള്ള തേയിലത്തോട്ടത്തിലാണ് പുലി കുടുങ്ങിയത്. രാവിലെ ജോലിക്കെത്തിയ തോട്ടം തൊഴിലാഴികളാണ് തേയിലച്ചെടികള്‍ക്കിടയിലെ കമ്പിയില്‍ പുലി കുടുങ്ങിക്കിടക്കുന്നത് കണ്ടത്.
എസ്റ്റേറ്റിലെ റോഡിന് തൊട്ടരികിലുള്ള ചരിവിലാണ് പുലി കുടുങ്ങിയത്. പരിഭ്രാന്തരായ തൊഴിലാളികള്‍ ഉടന്‍ എസ്റ്റേറ്റ് അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് വനപാലക സംഘം സ്ഥലത്തെത്തി പുലിയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി.
മൃഗഡോക്ടമാരുടെ സംഘമെത്തി പുലിയെ മയക്കുവെടി വച്ചു. പുലിക്ക് കാര്യമായ പരിക്കുകളില്ല എന്നാണ് വിവരം. മയങ്ങിയതിന് ശേഷം കൂട്ടിലാക്കി ആരോഗ്യപരിശോധനയില്‍ കുഴപ്പങ്ങളില്ലെന്ന് കണ്ടാല്‍ പുലിയെ ഉള്‍ക്കാട്ടില്‍ തുറന്നുവിടും.
ഈ പ്രദേശത്ത് പുലിയുടെ സാന്നിദ്ധ്യം ഉണ്ടെന്ന് നേരത്തേ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. അടുത്തിടെ കല്‍പ്പറ്റ നഗരത്തിനടുത്ത് ജനവാസപ്രദേശത്ത് ഇറങ്ങിയ പുലിയെ പിടികൂടിയിരുന്നു.
Discussion about this post