തിരുവനന്തപുരം: നിയമസഭ പ്രമേയം പാസാക്കിയാലെ ശബരിമല വിഷയത്തില്‍ കേന്ദ്രത്തിന് ഇടപെടാനാകൂ എന്ന ബിജെപി പ്രസിഡന്റിന്റെ വാദം വ്യാജമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണഘടനയെകുറിച്ച് നല്ല അറിവുള്ള അഭിഭാഷകനായ സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ സ്വത്താണ് ശബരിമല. ശബരിമലയിലെ അധികാരവുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളുമായി യാതൊരു തര്‍ക്കവുമില്ല. അത്‌കൊണ്ട് ഇവിടെ കേന്ദ്രത്തിനും സംസ്ഥാനത്തിനും നിയമനിര്‍മ്മാണം നടത്താം. സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ കേന്ദ്രമാണ് ഇനി നിയമനിര്‍മ്മാണം നടത്തേണ്ടത്. അത് ശ്രീധരന്‍പിള്ള സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്. ഇതിനായി കേരളനിയമസഭ സമ്മേളനം വിളിച്ചുകൂട്ടേണ്ടതില്ല. മോദി സര്‍ക്കാരിനെ സംരക്ഷിക്കാനായി പല നുണകള്‍ പറഞ്ഞ് ശ്രീധരന്‍ പിള്ള ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
ഓര്‍ഡിനന്‍സ് ഇറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ബിജെപി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോയെന്നും ചെന്നിത്തല ചോദിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
Discussion about this post