തിരുവനന്തപുരം: ഹൈക്കോടതി നിര്‍ദേശിച്ചിട്ടും, കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കുമെന്ന നിലപാടില്‍ ഉറച്ച് തന്നെ. ആരു ചര്‍ച്ചയ്ക്ക് വിളിച്ചാലും സംയുക്തട്രേഡ് യൂണിയന് പോകും. ധിക്കാരപൂര്‍വമായ നിലപാടാണ് കെഎസ്ആര്‍ടിസി എംഡി തച്ചങ്കരി സ്വീകരിച്ചിരിക്കുന്നത്. ലേബര്‍ കമ്മീഷണറും രണ്ട് മന്ത്രിമാരും ഗതാഗത സെക്രട്ടറിയും നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ തീരുമാനം നടപ്പിലായില്ല. സര്‍ക്കാരിനെ വിശ്വസിച്ചത് തെറ്റായി. നീതിക്കായി ഇനി എവിടെ പോകണമെന്നും തൊഴിലാളി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.
നേരത്തെ പണിമുടക്ക് തടഞ്ഞ ഹൈക്കോടതി, നാളെ നടക്കുന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ട്രേഡ് യൂണിയനുകളോട് നിര്‍ദേശിച്ചിരുന്നു. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുന്നതു വരെ പണിമുടക്ക് പാടില്ലെന്നും നിര്‍ദേശമുണ്ട്. സമരസമിതി പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എംഡി ടോമിന് തച്ചങ്കരി വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടതായി സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.
കെഎസ്ആര്‍ടിസി സംയുക്തസമരസമിതി പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ച തച്ചങ്കരി, സര്‍വീസുകള്‍ മുടങ്ങാതിരിക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും അറിയിച്ചിരുന്നു.
Discussion about this post