അടിമാലി: ഓണ്‍ലൈന്‍ വഴി ആയിരം രൂപയുടെ ചുരിദാര്‍ വാങ്ങിയ യുവാവിന് 97,500 രൂപ നഷ്ടമായി. അടിമാലി സ്വദേശി ജിജോ ജോസഫാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്. ഗുജറാത്തിലെ സൂറത്തിലെ ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ നിന്ന് 1,000 രൂപ വിലയുള്ള ചുരിദാറാണ് ജിയോ ഓഡര്‍ ചെയ്തത്. പോസ്റ്റല്‍ വഴി ചുരിദാര്‍ ലഭിക്കുകയും ചെയ്തു. എന്നാല്‍ ഉല്‍പ്പന്നത്തിന് ഗുണനിലവാരമില്ലെന്നു മനസ്സിലായതോടെ കമ്പനിയെ വിവരം അറിയിച്ചു.
ചുരിദാര്‍ തിരികെ എടുക്കാമെന്നും പണം തിരിച്ചു നല്കാന് അക്കൗണ്ട് നമ്പറും ഫോണില്‍ വരുന്ന ഒടിപി കോഡും നല്‍കണമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കിയതോടെ അടിമാലി ഫെഡറല്‍ ബാങ്കിലെ അക്കൗണ്ട് നമ്പറും മെസേജായി വന്ന ഒടിപി കോഡും നല്കി.
10 മിനിറ്റിനുള്ളില്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 95,000 രൂപ നഷ്ടപ്പെട്ടു. ഇക്കാര്യം കമ്പനിയെ ഉടന്‍ അറിയിച്ചു. 2,000 രൂപയില്‍ കൂടുതല്‍ മിനിമം ബാലന്‍സ് ഉള്ള മറ്റൊരു അക്കൗണ്ട് നമ്പര്‍ നല്കിയാല് തിരികെ നിക്ഷേപിക്കാം എന്നായിരുന്നു പിന്നീടുള്ള മറുപടി.
ഇതോടെ കഴിഞ്ഞ 11ന് അടിമാലി ഐസിഐസിഐ ബാങ്കിലെ അക്കൗണ്ട് നമ്പര്‍ വീണ്ടും നല്കി. ആ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 3,000 രൂപയില്‍ നിന്ന് 2,500 വീണ്ടും നഷ്ടമായി. വീണ്ടും കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ 5,000 രൂപ മിനിമം ബാലന്‍സുള്ള അക്കൗണ്ടിലേക്കു മാത്രമേ പണം കൈമാറാന്‍ കഴിയുകയുള്ളൂ എന്നാണ് മറുപടി. തട്ടിപ്പ് മനസിലായ ജിയോ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
Discussion about this post