ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബിജെപി എംപിമാര്‍ക്ക് പാരയായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നമോ ആപ്പ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് സഹായകരമാകുമെന്ന വിലയിരുത്തലില്‍ നടപ്പിലാക്കുന്ന മണ്ഡലത്തിലെ ഏറ്റവും ജനകീയരായ മൂന്ന് പാര്‍ട്ടി നേതാക്കളെ കണ്ടെത്താനുള്ള സര്‍വ്വേ നിലവിലെ പല എംപിമാര്‍ക്കും വലിയ പാരയായി മാറിയിരിക്കുകയാണ്.
നമോ ആപ്പ് വഴി നടത്തുന്ന ‘പീപ്പിള്‍സ് പള്‍സ്’ വഴി ഏറ്റവും ജനകീയനെയും ഇതുവരെ മണ്ഡലത്തില്‍ നടപ്പിലാക്കിയിരിക്കുന്ന സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതിയും സംബന്ധിച്ചാണ് സര്‍വ്വേ നടത്തുന്നത്. ജനകീയ പ്രവര്‍ത്തനങ്ങള്‍ നേതൃപാടവം എന്നിവ വിലയിരുത്താനാണ് സര്‍വ്വേ. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടതിനാല്‍ ബിജെപി നേതാക്കളുടെ ഹൃദയമിടിപ്പ് കൂട്ടിയിരിക്കുകയാണ് ഈ ആപ്പെന്ന് നിസംശയം പറയാം. മൂന്ന് ജനകീയ നേതാക്കളില്‍ ഒരാളായി പരിഗണിച്ചില്ലെങ്കില്‍ ചിലപ്പോള്‍ അടുത്ത തവണ സീറ്റ് കിട്ടിയേക്കില്ല. ആപ്പില്‍ നല്‍കിയിരിക്കുന്ന ചോദ്യങ്ങളില്‍ ഒന്ന് നിങ്ങളുടെ മണ്ഡലത്തിലെ ഏറ്റവും ജനകീയനായ ബിജെപി നേതാവ് ആരെന്നാണ്.
നമോ ആപ്പ് ലോഞ്ച് ചെയ്തതിന് തൊട്ടു പിന്നാലെ സര്‍വ്വേയില്‍ പങ്കെടുക്കാന്‍ ജനങ്ങളോട് മോദി തന്നെ ആഹ്വാനം ചെയ്യുന്ന ഒരു ലഘു വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
Discussion about this post